ആലത്തൂർ: കുനിശ്ശേരിയിലെ നവജാത ശിശുവായ പെണ് കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേർന്ന് പൊള്ളാച്ചിയിലെത്തിച്ച് വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്കും മുത്തശ്ശിക്കുമെതിരെ പോലീസ് കേസെടുത്തു. ആലത്തൂർ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശിശുവിന്റെ മാതാവ് ബിന്ദുവിനെയും കൂട്ടി ഇന്നലെ പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവ് രാജൻ (44), അമ്മ ബിന്ദു (34), രാജന്റെ അമ്മ പൊള്ളാച്ചി സ്വദേശിനി വിജി (62) എന്നിവർക്കെതിരെയാണ് കേസ്.
കോയന്പത്തൂർ പൊള്ളാച്ചി റൂട്ടിലെ ഉൾപ്രദേശത്തു നിന്നും വിജിയെ പോലീസ് വലയിലാക്കിയതായും സൂചനയുണ്ട്. കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ വഴിയാണെന്നാണ് വിവരം. ഇയാളെ കണ്ടെത്തിയെങ്കിലേ കുട്ടി എവിടെയാണെന്ന് കണ്ടെത്താനാകൂ. ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്നാണ് പോലീസ് പറയുന്നത്.
സാന്പത്തിക ബുദ്ധിമുട്ട് മൂലമാണ് കുട്ടിയെ വിറ്റതെന്ന് പറയുന്നു. എന്നാൽ കുട്ടിയെ വിറ്റതല്ലെന്നും സാന്പത്തിക ബുദ്ധിമുട്ട് മൂലം വിശ്വസ്തനായ സുഹൃത്തിന് കൈമാറിയതാണെന്നും മാതാപിതാക്കൾ പറയുന്നു. എപ്പോൾ വേണമെങ്കിലും തിരിച്ചുതരാമെന്ന വാക്കിലാണ് കുട്ടിയെ കൈമാറിയത്. തുടർച്ചയായ നാലു പ്രസവം മൂലമുണ്ടായ സാന്പത്തിക ബുദ്ധിമുട്ട് മൂലമാണ് ഇതിനു തയ്യാറായതെന്നും അമ്മ ബിന്ദു പോലീസിനോട് പറഞ്ഞു.
ബിന്ദുവിന്റെ അഞ്ചാമത്തെ പ്രസവത്തിൽ ജനിച്ച പെണ്‍കുഞ്ഞിനെയാണ് വിറ്റത്. ഡിസം ബർ 25ന് ജില്ലാ ആസ്പത്രിയിലായിരുന്നു പ്രസവം. 29ന് രാജനും വിജിയുമെത്തി ബിന്ദുവിനെയും അഞ്ച് മക്കളേയും പൊള്ളാച്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം നവജാത ശിശുവിനെ കൂടാതെ ബിന്ദു തിരിച്ചെത്തിയതോടെ സംശയം തോന്നിയ സമീപവാസികൾ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.
ശിശുക്ഷേമ സമിതിയുടെ ഹെൽപ്പ് ലൈനായ തണൽ ഭാരവാഹികൾ ആലത്തൂർ പോലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഒന്‍പതും എട്ടും മൂന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ് ഇവരുടെ മറ്റു മക്കൾ. സാമുദായികവും സാന്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലാണ് ബിന്ദുവിന്റെ കുടുംബം. പൊള്ളാച്ചി സ്വദേശിയാണ് രാജൻ.രാജന്റെ സഹോദരി മധുരയിലുള്ള ജാൻസിക്കും സംഭവത്തിൽ പങ്കുള്ളതായാണ് പോലീസിന്റെ സംശയം.ബിന്ദുവിന്റെ മാതാപിതാക്കളും സഹോദരനും കൂലിപ്പണിക്കാരാണ്.