പയ്യോളി: പീഡനക്കേസില്‍ പ്രതിയായ അധ്യാപകന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി. മേപ്പയൂര്‍ കല്പത്തൂര് നെല്ലിയുള്ള പറമ്പില്‍ എ.റിയാസ് (37) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേപ്പയൂര്‍ ഗവ.ഹൈസ്കൂള്‍ അധ്യാപകനായ ഇയാള്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുവച്ചു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് നിരവധി സംഘടനകള്‍ സമരം നടത്തിയിരുന്നു. അറബി അധ്യാപകനായ ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. പയ്യോളി സിഐ ദിനേശ് കോറോത്താണ് കേസ് അന്വേഷിക്കുന്നത്.