ചെറുപുഴ: പാടിയോട്ടുചാല്‍ ചന്ദ്രവയലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നംഗകുടുംബത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവൻ (54), ഭാര്യ ശോഭ (45), സംസ്ഥാന ജൂണിയര്‍ ഹാന്‍ഡ്ബോള്‍ താരവും മകളുമായ കെ.വി. ഗോപിക (19) എന്നിവരെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നോടെ പാടിയോട്ടുചാൽ ടൗണിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.ഗോപികയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും മാതാപിതാക്കള്‍ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഗോപികയെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണു പോലീസ്.
മികച്ച ഹാന്‍ഡ് ബോൾ താരവും സംസ്ഥാന ജൂണിയർ ഹാന്‍ഡ്ബോൾ ടീമംഗവുമായ ഗോപിക തൃശൂർ വിമല കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ഗോപിക കഴിഞ്ഞ ദിവസമാണു ചന്ദ്രവയലിലെ വീട്ടിലെത്തിയത്. രാഘവന്റെ മകനായ ജിതിൻ (23) നാലുമാസംമുമ്പ് സെപ്റ്റംബറിൽ വീടിനു സമീപം തൂങ്ങിമരിച്ചിരുന്നു. ഇതിലുള്ള മനോവിഷമമാണു മകളെ കൊന്ന് ജീവനൊടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
സംഭവത്തിനു മുമ്പ് എസ്ഐ, സുഹൃത്ത്, ബന്ധുക്കൾ, ഫേസ്ബുക്ക് കൂട്ടായ്മ എന്നിവർക്കുൾപ്പെടെ എഴുതിയ 20 കത്തുകൾ പോലീസ് കണ്ടെടുത്തു. സ്വത്തുക്കൾ ആർക്കൊക്കെ കൊടുക്കണമെന്നുവരെ കത്തിലുണ്ട്. പബ്ലിസിറ്റി ഒഴിവാക്കാനാണ് ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് കത്തെഴുതിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പു സുഹൃത്ത് വിജയന്റെ കൈവശം 20,000 രൂപ രാഘവൻ നല്‍കിയിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് ഈ തുക ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.