കേഡല്‍ ജീന്‍സണിന്റെ നില അതീവഗുരുതരമായി തുടരുന്നു! മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ പറഞ്ഞത് എനിക്ക് ജീവിക്കണം എന്ന്

നന്തന്‍കോട് കൊലപാതക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ ഭക്ഷണ പദാര്‍ഥം ശ്വാസകോശത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേഡലിനെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കേഡലിന്റെ ചികിത്സയെ സംബന്ധിച്ച് മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേഡലിന് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ല. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ തനിക്ക് ജീവിക്കണം എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കേഡലിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്.

നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് തുടര്‍ ചികിത്സ നടക്കുന്നത്. ഇത് തുടരുവാനും യോഗം തീരുമാനിച്ചു. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും. നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേഡല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

 

Related posts