കൊച്ചി: പാതിവഴിയിൽ കളി മതിയാക്കി മടങ്ങിയ മാർക് സിഫ്നിയോസിന് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി. ഐസ്ലന്ഡ് ദേശീയ താരം ഗുഡ്യോൻ ബാൾഡ്വിൻസനാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.മുപ്പത്തിയൊന്നുകാരനായ ബാൾഡ്വിൻസനുമായി കരാർ ഒപ്പിട്ട വിവരം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ട്വിറ്ററിൽ സ്ഥിരീകരിച്ചു.
ഐസ് ലൻഡ് ക്ലബ്ബായ എഫ്സി സ്റ്റാർനാനിൽനിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ബാൾഡ്വിൻസൻ മഞ്ഞപ്പടയിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ആദ്യ ഐസ്ലന്ഡ് താരമാണ് ഗുഡ്യോൻ ബാൾഡ്വിൻസൻ. ശനിയാഴ്ച ഡൽഹി ഡൈനമോസിനെ നേരിടുന്ന ടീമിനൊപ്പം ബാൾഡ്വിൻസൻ ചേരുമെന്നാണു സൂചന.അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട മാർക് സിഫ്നിയോസ് എഫ്സി ഗോവയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.