കോട്ടയം: ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും പുലർത്തുന്ന വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്നത് ജനങ്ങളുടെ ഏകതാബോധമാണെന്ന് മന്ത്രി ജി. സുധാകരൻ. രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപ്രക്രിയയിൽ ആർക്കു വോട്ട് ചെയ്താലും ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടത് എല്ലാ ജനതയ്ക്കും വേണ്ടിയാണ്. സ്ത്രീ സമത്വവും യുവാക്കൾക്ക് തൊഴിലും കുട്ടികൾക്ക് ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും എല്ലാവർക്കും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടത് അതുകൊണ്ടുതന്നെ ഭരണകർത്താക്കളുടെ ഉത്തരവാദിത്തമാണെന്നു അദേഹം പറഞ്ഞു.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫികളും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. മുഖ്യാതിഥിയെ ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനിയും ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖും ചേർന്ന് സ്വീകരിച്ചു. മുഖ്യാതിഥി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
തുടർന്ന് പരേഡ് കമാന്‍ഡർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സാജു വർഗീസിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, നഗരസഭ വാർഡ് കൗണ്‍സിലർ ടി.എൻ. ഹരികുമാർ, കൗണ്‍സിലർ സാബു പുളിമൂട്ടിൽ, ജില്ലാ പഞ്ചായത്തംഗം സുഗതൻ എന്നിവർ പ്രസംഗിച്ചു.
റിപ്പബ്ലിക്ദിന പരേഡ്: എവർറോളിംഗ് ട്രോഫി എക്സൈസിന്
കോട്ടയം: റിപ്പബ്ലിക്ദിന പരേഡിൽ മികച്ച പോലീസ് പ്ലാറ്റൂണിനുളള എവർറോളിംഗ് ട്രോഫി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ നയിച്ച എക്സൈസ് പ്ലാറ്റൂണിന് ലഭിച്ചു. ഫോറസ്റ്റ് പ്ലാറ്റൂണിനെ നയിച്ച കോട്ടയം ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷാണ് മികച്ച പ്ലാറ്റൂണ്‍ കമാൻഡർ. ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടർ സിവിൽ പോലീസ് പ്ലാറ്റൂണിനാണ് രണ്ടാം സ്ഥാനം.
ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടർ സബ് ഇൻസ്പെക്ടർ എ.എസ്. അബ്രഹാം, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ജൂനിയർ സബ് ഇൻസ്പെക്ടർ രാമു, കോട്ടയം വനിതാ സെൽ സബ് ഇൻസ്പെക്ടർ ഉഷാകുമാരി എന്നിവരാണ് പോലീസ് പ്ലാറ്റൂണുകളെ നയിച്ചത്.എസ്പിസി വിഭാഗത്തിൽ എബിൻ തന്പി നയിച്ച എസ്പിസി പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും ഫെമി ഫ്രാൻസിസ് നയിച്ച എസ്പിസി പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി.
എൻസിസി സീനിയർ വിഭാഗത്തിൽ കോട്ടയം എംഡിഎസ്എച്ച്എസ്എസ് ആണ്‍കുട്ടികളുടെ പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും എംഡിഎസ്എച്ച് എസ്എസ് പെണ്‍കുട്ടികളുടെ പ്ലാറ്റൂണ്‍ രണ്ടാംസ്ഥാനവും നേടി. എൻസിസി ജൂനിയർ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും പ്ലാറ്റൂണുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
സ്കൗട്ട്സിൽ സെന്റ് മേരീസ് യുപിഎസ് ഒന്നാം സ്ഥാനവും സെന്റ് അലോഷ്യസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഗൈഡ്സിൽ മൗണ്ട് കാർമൽ ഗേൾസ് എച്ച്എസ് ഒന്നാം സ്ഥാനവും ബേക്കർ മെമ്മോറിയൽ ജിഎച്ച്എസ് രണ്ടാം സ്ഥാനവും നേടി. ബാന്റ് വിഭാഗത്തിൽ മൗണ്ട് കാർമൽ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഏറ്റുമാനൂർ രണ്ടാം സ്ഥാനവും നേടി.