ആലപ്പുഴ: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന ഡിവൈഎസ്പിയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മംഗലം പീഡനവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്ത ഓണ്‍ലൈൻ പോർട്ടെൽ പ്രസിദ്ധീകരിച്ചെന്ന് കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഡിവൈഎസ്പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചത്.
പീഡനവുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ പോർട്ടൽ നൽകിയ വാർത്തകൾ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്നാണ് കഴിഞ്ഞയാഴ്ച നൽകിയ പരാതിയിൽ പറയുന്നത്. സൈബർ സംബന്ധമായ പരാതിയായതിനാൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സൈബർ സെല്ലിനും രഹസ്യാന്വേഷണ വിഭാഗത്തിനും നിർദേശം നൽകുകയായിരുന്നു.