സാധാരണ അഴിമതിയും ധൂര്‍ത്തും മറ്റ് കൊള്ളരുതായ്മകളും നടത്തിയാണ് ചെറുതും വലുതുമായ നേതാക്കള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറ്. അടുത്ത കാലത്തായി പ്രത്യേകിച്ചും. എന്നാല്‍ ‘മാത്തച്ചന് പാമ്പാടി’ എന്നറിയപ്പെടുന്ന പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. സൈക്കിളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം എന്നതാണത്. അതേ, സൈക്കിള്‍ ഹാന്റിലിന് മുകളില്‍ ഒരു ബോര്‍ഡും. ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ‘പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ എന്ന്. റോഡിലൂടെയും ഇടവഴികളിലൂടെയും അതങ്ങനെ സഞ്ചരിക്കും. വെളുക്കുമ്പോള്‍ മുതല്‍ ഇരുട്ട് കനക്കുന്നത് വരെ. നാട്ടിലെ പ്രശ്നങ്ങളിലൊക്കെ ഇടപെടും. പരിഹാരം കാണും.
പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ വാഹനപണിമുടക്കും മറ്റ് പ്രതിഷേധ പരിപാടികളും കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ അരങ്ങ് തകര്‍ക്കുമ്പോഴാണ് ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധമായി ഫിലിപ്പോസിന്റെ ഈ സൈക്കിള്‍ യാത്ര. എന്നാല്‍ ഇതുമാത്രമല്ല വേറെയുമുണ്ട് ഫിലിപ്പോസിന്റെ സൈക്കിള്‍ പ്രേമത്തിനുള്ള കാരണങ്ങള്‍. ചെറുപ്പം മുതലേ സൈക്കിള്‍ ഓടിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ പതിനേഴാമത്തെ വയസ്സില്‍ കോളജില്‍ പോകുമ്പോഴാണ് സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സ്ഥിരം കോളജില്‍ പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിന്മേലായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും. സിഎംഎസ് കോളേജില്‍ ഫിസിക്സായിരുന്നു പഠിച്ചതെങ്കിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായും മാറി. പതിയെ സൈക്കിളും വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് മാറ്റപ്പെട്ടു.
കെഎസ്യു വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാണ്. തന്റെ പൊതു പ്രവര്‍ത്തനം ഓഫീസ് സമയം കൊണ്ട് അവസാനിപ്പിക്കാന്‍ ഫിലിപ്പോസ് തയ്യാറല്ല. ഗവണ്മെന്റ് ഡ്രൈവര്‍ അഞ്ച് മണിയാകുമ്പോള്‍ പോകും. ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടി വരും. അത് അത്ര എളുപ്പമല്ല. സമയവും നഷ്ടമാണ്. അതുകൊണ്ട് തന്നെ സ്വന്തമായി പോകാന്‍ സൈക്കിള്‍ മതിയെന്ന് ഫിലിപ്പോസ് തീരുമാനിച്ചു.
‘സൈക്കിള്‍ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഇന്ധനലാഭമാണ് പ്രധാനം. എനിക്ക് വേണ്ടി പഞ്ചായത്തിന്റെ പണം കൂടുതല്‍ ചിലവഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അഴിമതിയില്ലാത്ത ഒരു പഞ്ചായത്താവണം എന്റേത് എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. എന്തിനാണ് ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഓഡി കാറൊക്കെ വാങ്ങുന്നത്?’ ഫിലിപ്പോസ് ചോദിക്കുന്നു. നേതാവെന്നാല്‍ ജനങ്ങള്‍ക്ക് മാതൃക കൂടിയാവണം. ആ നിലയില്‍ ഫിലിപ്പോസ് യഥാര്‍ത്ഥ നേതാവു തന്നെയാണ്. നാട്ടുകാരും സമ്മതിക്കുന്നു.