സിജോ പൈനാടത്ത്
കൊച്ചി: ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണത്തിൽ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കണക്കുകൾ ഇപ്പോഴും രണ്ടു തട്ടിൽ. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അന്തിമകണക്കു പ്രകാരം ഓഖി ചുഴലിക്കാറ്റിൽ കടലിൽ മരിച്ചത് 58 മലയാളികളാണെന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കിൽ കേരളത്തിൽ മരിച്ചവരുടെ എണ്ണം 75 ആണ്. മരണസംഖ്യയിൽ 17 പേരുടെ വ്യത്യാസം.
137 മലയാളികളെ കാണാതായിട്ടുണ്ടെന്നു കേന്ദ്രം വിശദീകരിക്കുന്പോൾ കേരളത്തിന്റെ കണക്കിലുള്ളത് 104 പേർ. സംസ്ഥാന റവന്യു, ഫിഷറീസ്, പോലീസ് വിഭാഗങ്ങളിൽനിന്നുള്ള കണക്കുകൾ ഏകോപിപ്പിച്ചു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണു സംസ്ഥാനത്ത് ഓഖിയിൽ മരിച്ചവരുടെ എണ്ണം 58 ആണെന്നു കണ്ടെത്തിയത്. ഇതിൽ ഏഴു പേർ ചുഴലിക്കാറ്റിനെത്തുടർന്നു കരയിലുണ്ടായ അപകടങ്ങളിലാണു മരിച്ചത്. മരിച്ചവരിൽ 49 പേർ തിരുവനന്തപുരം ജില്ലയിൽനിന്നുള്ളവരാണ്.
104 പേർ ഇനി കേരളത്തിൽ മടങ്ങിയെത്താനുണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്ക്. ഇവരുടെ വിലാസവും ചിത്രങ്ങളുമുൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ ശേഖരിച്ചിട്ടുണ്ട്. മരിച്ചവരിൽ 26 പേരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകിയതായി സംസ്ഥാന സർക്കാർ പറയുന്നു.
സംസ്ഥാന സർക്കാർ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരണസംഖ്യയിലും കാണാതായവരുടെ എണ്ണത്തിലും പൊരുത്തക്കേടുള്ള കണക്കുകൾ പുറത്തുവിട്ടതെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ ഓഖി ദുരിതാശ്വാസമായി കേരളത്തിനു സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്‍സ് ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നു 76.50 കോടിയും നാഷണൽ ഡിസാസ്റ്റർ റെസ്പോണ്‍സ് ഫണ്ടിൽ (എൻഡിആർഎഫ്) നിന്നു 133 കോടിയും അനുവദിച്ചതായും വിവരാവകാശരേഖ പറയുന്നു.