ഉറക്കത്തിൽ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ ബാലിക അത്ഭുതകരമായി രക്ഷപെട്ടു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നാതാൽ പ്രവശ്യയിൽ താമസിക്കുന്ന ആറുവയസുകാരി മികയ്ലാ സൂ ഗ്രോവാണ് മരണത്തിന്റെ വക്കിൽ നിന്നു തിരിച്ചെത്തിയത്. രാവിലെ ഉറക്കമെണീറ്റപ്പോൾ ക്വാസുലു പല്ലു വേദനയുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ താടിയിൽ മാത്രം നീരു കണ്ടതോടെ അമ്മയ്ക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്ത് ഏതോ ജീവി കടിച്ചതു പോലെയുള്ള പാടും അമ്മ കണ്ടത്തി. മാത്രമല്ല അപ്പോഴേക്കും കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു.
ഒട്ടും വൈകിക്കാതെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇവർ അടുത്ത പത്തുമണിക്കൂറിനുള്ളിൽ പ്രതിവിഷം പതിനേഴ് ഡോസ് കുത്തിവെച്ച് കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മാത്രമല്ല അപ്പോഴേക്കും കുട്ടിയുടെ കാഴ്ച ശക്തിയും തിരികെ ലഭിച്ചിരുന്നു.
മൊസാംബിക് സ്പിറ്റിംഗ് കോബ്രാ എന്നയിനത്തിൽപ്പെട്ട കൊടീയവിഷമുള്ള പാന്പാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. ആളുകളുടെ ശരീരത്തിലേക്ക് വിഷം ചീറ്റാനും ഈ പാന്പിനു കഴിയും. ആശുപത്രിയിലേക്കുള്ള യാത്രയിൽ അമ്മ കുട്ടിയുടെ കണ്ണ് തുടർച്ചയായി കഴുകിയതിനാൽ കണ്ണിലേക്ക് തെറിച്ച വിഷം പുറത്തേക്ക് പോയതാണ് കാഴ്ചശക്തി തിരികെ ലഭിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. കഴുത്തിൽ നീര് ഉള്ളതിനാൽ കുട്ടിക്ക് നന്നായി ശ്വസിക്കാൻ പോലും കഴിയുന്നില്ല. ട്യൂബിന്റെ സഹായത്തോടെയാണ് മികായ്ല ഇപ്പോൾ ശ്വസിക്കുന്നത്.