മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസയർപ്പിച്ച് മലയാളത്തിലെ താരനിര. നേരത്തെ പ്രണവിന് മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ ആശംസ അറിയിച്ചിരുന്നു. അതിനു പിന്നാലെ ദുൽഖർ സൽമാൻ, ഹരീഷ് പേരടി, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരും പ്രണവിന്റെ ആദ്യ ചിത്രം ഹിറ്റാകട്ടെയെന്ന് ആശംസിക്കുകയാണ്.
“പ്രിയപ്പെട്ട അപ്പു നിന്റെ ചിത്രം ആദിക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു..’ എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ സൽമാൻ തന്റെ വാക്കുകൾ ആരംഭിക്കുന്നത്. “നീ ജയിക്കാനായി ജനിച്ചവനാണ്. നിന്റെ ഓരോ വിജയത്തിലും കൈയടിയുമായി ഞാനുമുണ്ടാകും. എനിക്ക് ഇല്ലാതെ പോയ കുഞ്ഞനുജനാണ് നീ..’ -ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകൾ പതിഞ്ഞു കിടക്കുന്ന ലോകത്തേക്ക് സ്വാഗതം അർപ്പിച്ചാണ് സംവിധായകൻ വി. എ. ശ്രീകുമാർ മേനോൻ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. “ഏറെ യാത്ര ചെയ്യുന്ന, വായിക്കുന്ന, എഴുതുന്ന, പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ കീഴടക്കാനാവട്ടെ.. ഒരു ഭൂഖണ്ഡമെങ്കിൽ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യമാകട്ടെ,..ഒരു കവിതയെങ്കിൽ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ..’ എന്നു പറയുന്ന അദ്ദേഹം ആദിയിൽ വിജയമുണ്ടാവട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.