കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (കുന്നുംപുറം മജിസ്ട്രേറ്റ് കോടതി) മുന്പാകെയാണ് ഇന്നലെ മൊഴി നൽകിയത്.
പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണിമുകുന്ദനും, പോലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ കോടതി തീരുമാനിച്ചത്. കേസിൽ ഉണ്ണിമുകുന്ദനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരി ഹാജരായിരുന്നില്ല. കോടതിയുടെ നിർദേശ പ്രകാരം ഇന്നലെ നേരിട്ടെത്തി മജിസ്ട്രേട്ട് മുന്പാകെ മൊഴി നൽകുകയായിരുന്നു. കേസ് ഫെബ്രുവരി 24 നു വീണ്ടും പരിഗണിക്കും. പരാതിക്കാരി സാക്ഷികളെ ഹാജരാക്കിയാൽ കോടതി അന്നേ ദിവസം വിസ്തരിച്ചേക്കും.