കുമ്പളം കായലില്‍ നിന്നും പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50 ) യുടേത് തന്നെയാണ് ഏകദേശം ഉറപ്പായി. മകളുടെ ഡിഎന്‍എ ഫലം വന്നതിനു ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ.ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്പത്യം അധികം നീണ്ടില്ല. തുടര്‍ന്ന് മകനും മകളുമൊത്ത് വാടകവീടുകളില്‍ മാറി മാറി താമസിച്ചു. ഇതിനിടെ മകന് പ്രമോദ് ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. മകളുമായി പിണങ്ങി പിന്നെ ഒറ്റയ്ക്കായി താമസം.
വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ഉണ്ടായ എരൂര്‍ സ്വദേശിയുടെ മരണവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശകുന്തള ഇയാളുടെ കാറില്‍ കയറി പോയിട്ടുണ്ടെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയതായി അറിയുന്നു.ജനുവരി ഏഴിന് തലകീഴായി കൈകാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോടും ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് സ്ത്രീയുടേതെന്ന് ഉറപ്പിച്ചത്. കണങ്കാലിലെ അസ്ഥിയില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച് നമ്പര്‍ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് ശകുന്തളയിലേക്ക് എത്തിച്ചേര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് സ്കൂട്ടര്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ തൃപ്പൂണിത്തുറ വിജയകുമാരമേനോന്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഈ സ്ക്രൂ ഇവരില്‍ ഘടിപ്പിച്ചത്.