തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക വിഷയമായ തെരുവു നായ്ക്കളെ വന്ധ്യം കരിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍ ഉറച്ച തീരുമാനവുമായി പെണ്ണുങ്ങള് രംഗത്തിറങ്ങിയതോടെ തെരുവു നായ്ക്കളുടെ കാര്യത്തില്‍ എല്ലാം ശരിയായി. അഞ്ചു മാസത്തിനുള്ളില്‍ 10000 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. ഇതുവഴി ഒരു കോടിയിലധികം രൂപയും ഇവരുടെ പോക്കറ്റില്‍ വീണു.
ആറ് ജില്ലകളിലാണ് കുടുംബശ്രീ വന്ധ്യംകരണ പദ്ധതി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) നടത്തുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി കുടുംബശ്രീക്ക് കൈമാറിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ കടിയേറ്റ് കേരളം വലഞ്ഞ നാളുകളിലാണ് കുടുംബശ്രീ ദൗത്യം ഏറ്റെടുക്കുന്നത്.
നായപിടുത്തം അധഃകൃത തൊഴിലായി കരുതിയ സമൂഹത്തെ തിരുത്തി. സ്ത്രീകളെ പരിശീലനം നല്കി ധൈര്യവതികളാക്കി. സംസ്ഥാനത്ത് അഞ്ചു പേരടങ്ങുന്ന 80 യൂണിറ്റുകള്‍. 40 എണ്ണം സജീവംമായി രംഗത്തുണ്ട്.
ഒരു യൂണിറ്റില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണുള്ളത്. നായ്ക്കളെ പിടിച്ച്, കൂട്ടിലടച്ച്, ശസ്ത്രക്രിയ നടത്തി, ശുശ്രൂഷിച്ച് തിരികെ അതേ സ്ഥലത്ത് വിടണമെന്നതാണ് എഗ്രിമെന്റ്. താലൂക്കിലെ ഒരു മൃഗാശുപത്രിയില്‍ കൂടുകളും ഓപ്പറേഷന് തിയേറ്ററും മൃഗ ഡോക്ടറെ കുടുംബശ്രീ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന നിര്‍ദേശമുണ്ട്. ശസ്ത്രക്രിയാ മുറിയിലെ സഹായികളും കുടുംബശ്രീ വനിതകള്‍ തന്നെയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ ഒരുനായയെ വന്ധ്യംകരിക്കാന്‍ 2,100രൂപയാണ് കുടുംബശ്രീക്ക് നല്കുന്നുന്നത്. മൃഗഡോക്ടര്‍ക്ക് 500 രൂപയും മരുന്ന്, ഉപകരണങ്ങള്‍ക്കായി 400 രൂപയും നല്കി. നായയുടെ ഭക്ഷണം, ശുശ്രൂഷ, ഗതാഗതം എന്നിവയ്ക്ക് 200 രൂപയാണ് വകയിരുത്തിയത്. ഒരു കുടുംബശ്രീ യൂണിറ്റിലെ അഞ്ചു പേര്‍ക്കും കൂടി 1000 രൂപയാണ് നല്‍കുന്നത്.
ഒരു യൂണിറ്റ് ഒരു ദിവസം അഞ്ചു മുതല്‍ പത്ത് നായകളെ വരെ പിടികൂടുന്നുണ്ടെന്ന് വനിതകള്‍ പറയുന്നു. ആദ്യം അറപ്പോടെ ചെയ്ത ജോലി പിന്നീട് ഇവര്‍ ധൈര്യസമേതം ചെയ്യുകയായിരുന്നു. മൂന്നുമാസം കൊണ്ട് നാലര ലക്ഷം രൂപയാണ് തങ്ങളുടെ ഗ്രൂപ്പ് നേടിയതെന്ന് ഒരു കുടുംബശ്രീ ഗ്രൂപ്പ് പറയുന്നു. കുടുംബവും ഞങ്ങളും ഹാപ്പിയാണെന്ന് സ്ത്രീകള്‍ പറയുന്നു.
2012 ലെ സെന്‍സസ് പ്രകാരം കേരളത്തിലാകെ 2.99 ലക്ഷം തെരുവു നായ്ക്കളുണ്ട്. ഇതിനെയെല്ലാം പിടികൂടി വന്ധ്യംകരിക്കാന്‍ കുടുംബശ്രീക്ക് കഴിയും. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.