മെൽബൺ: ടെന്നീസ് കോർട്ടിലെ ലോക മഹാദ്ഭുതം സ്വിസ് വെറ്ററൻ റോജർ ഫെഡറർക്ക് 20 ാം ഗ്രാൻഡ്സ്ലാം കിരീടം. ആറാം തവണയും ഓസ്ട്രേലിയൻ ഓപ്പൺ കിരീടം പേരിലാക്കിയാണ് മുപ്പത്തിയാറുകാരനായ പ്രായം തളർത്താത്ത പോരാളി ഫെഡറർ ഗ്രാൻഡ്സ്ലാം റിക്കാർഡിട്ടത്. ഫെഡററുടെ കുതിപ്പിൽ റോഡ് ലേവർ അരീനയിൽ വീണുപോയത് മാരിൻ സിലിച്ചും. സ്കോർ: 6-2, 6-7 (5), 6-3, 3-6, 6-1.
വിജയത്തോടെ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന പ്രായം കൂടിയ താരമെന്ന റിക്കാർഡും ഫെഡറർ പേരിലാക്കി. ഫെഡററുടെ മാതൃകാപുരുഷനായ കെൻ റോസ്വാളിനു ശേഷം (1972) മെൽബണിൽ ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന റിക്കാർഡാണ് ഫെഡറർ സ്വന്തമാക്കിയത്.
ആദ്യ സെറ്റ് സ്വന്തമാക്കിയ ഫെഡറർ നയം വ്യക്തമാക്കിയാണ് തുടങ്ങിയത്. എന്നാൽ രണ്ടാം സെറ്റിൽ പൊരിഞ്ഞപോര് നടന്നു. ടൈബ്രേക്കറിൽ സിലിച്ച് സെറ്റ് അടിച്ചു. മൂന്നാം സെറ്റിൽ വീണ്ടും ഫെഡറർ. നിർണായകമായ നാലാം സെറ്റിൽ സിലിച്ചിന്റെ തിരിച്ചടി. 3-6 ന് സിലിച്ച് ഫെഡററുടെ ചരിത്രപ്രവേശം നീട്ടിവച്ചു. അഞ്ചാം സെറ്റിൽ സ്വിസ് വെറ്ററൻ ആഞ്ഞടിച്ചപ്പോൾ സിലിച്ചിന് പിടിച്ചു നിൽക്കാനായില്ല. 6-1 ന് ഫെഡറർ ചരിത്രം പേരിലാക്കി.