ജിത്തു ജോസഫ് ഒരുക്കിയ ആദി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. നായകനായ ആദ്യ ചിത്രത്തില്‍ തന്നെ താന്‍ അച്ഛനേക്കാള്‍ ഉയരത്തില്‍ എത്തുമെന്ന് പ്രണവ് തെളിയിച്ചും കഴിഞ്ഞു. ആദ്യ ചിത്രം തന്നെ പൊളിച്ചെന്നാണ് പ്രേക്ഷക പ്രതികരണം.
ആഢംബര ജീവിതത്തോട് അകല്‍ച്ച പാലിക്കുന്ന വ്യക്തിയെന്നതാണ് പ്രണവിനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. നിസാര കാര്യങ്ങള്‍ വളരെ കൗതുകത്തോടെ വീക്ഷിക്കുന്ന വ്യക്തി കൂടിയാണ് പ്രണവ്. ചിത്രത്തില്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചത് സിദ്ദിഖായിരുന്നു. പ്രണവിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് സിദ്ദിഖ് ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയുണ്ടായി. സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
സിനിമയില്‍ ഞാനും അപ്പുവും ചേര്‍ന്നുള്ള ഒരു ഇമോഷണല്‍ സീന്‍ ഉണ്ട്. അല്‍പം നീളം കൂടിയ ഷോട്ട് ആയിരുന്നു. വളരെ ഇമോഷണലായി അവനോട് സംസാരിച്ചു, ജിത്തു ഓകെ പറഞ്ഞു. അതിന് ശേഷം അപ്പു എന്റെ അടുത്ത് വന്നു ചോദിച്ചു ‘അങ്കിളേ, അതെങ്ങനാ ഈ ചുണ്ട് വിറക്കുന്നേ, ഇതുപോലെ എങ്ങനാ വിറപ്പിക്കുന്നേ’ എന്ന്. അത് വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണെന്ന് ഞാന്‍ മറുപടി നല്‍കി. കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല രസം തോന്നും. അതുപോലെ അവനെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്.
നിരവധി കോണിലാണ് ആ സീന്‍ എടുത്തത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ നോക്കി. എന്താ നോക്കുന്നേ എന്ന് ചോദിച്ചപ്പോള്‍ ‘അല്ല, ഇത്രയും അധികം എന്നെ ആരും കെട്ടിപ്പിടിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി. മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴാണ് അഭിനയം ഇത്ര ലളിതമാണെന്ന് തോന്നുന്നത്. യാതൊരു സ്ട്രെയിനും ഇല്ലാതെയാണ് ലാല്‍ അഭിനയിക്കുന്നത്. നമ്മള്‍ ചെയ്യുമ്പോള്‍ അതെല്ലാം വിഷമകരമാണെന്ന് തോന്നും. പ്രണവിനും അച്ഛന്റെ ആ കഴിവുണ്ട്.