പറവൂർ: ഉത്സവത്തിനെത്തിച്ച കൊന്പനാനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. കോട്ടയം തിരുവാർപ്പ് കിളിരൂർ നോർത്ത് കളരിപ്പറന്പിൽ ചന്ദ്രന്റെ മകൻ കെ.സി. ബിനു (32) ആണു മരിച്ചത്. ബിനുവിനെ ആന തുന്പിക്കൈകൊണ്ടു ചുഴറ്റിയെറിയുകയായിരുന്നു. മതിലിൽ തലയിടിച്ചുവീണ ബിനുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുത്തൻവേലിക്കര കുരുന്നിലാക്കൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണു പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ആനയാണിത്. ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു സംഭവം. പുത്തൻവേലിക്കര പോലീസ് സ്റ്റേഷന് എതിർവശം കുടിയിരിക്കൽ ടോമിയുടെ സ്ഥലത്ത് തളച്ചിരുന്ന ആന സമീപത്തുകൂടി പോയ ബിനുവിനെ തുന്പിക്കൈകൊണ്ടു ചുഴറ്റിയെറിയുകയായിരുന്നു.
ക്ഷേത്രത്തിൽ നേരത്തെ കരാറുകാരൻ പേരു നൽകിയ ആനകളിൽ ഈ ആന ഉൾപ്പെട്ടിരുന്നില്ലെന്നു ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മറ്റേതോ ആനയ്ക്കു പകരമായാണ് ഇതിനെ കൊണ്ടുവന്നതെന്നു കരുതുന്നു. സംഭവം നടന്നയുടൻതന്നെ ആനയെ സ്ഥലത്തുനിന്നു കൊണ്ടുപോയി.
മരിച്ച ബിനു അഞ്ചു ദിവസം മുമ്പാണ് ആനയുടെ രണ്ടാം പാപ്പാനായി വന്നത്. അവിവാഹിതനാണ്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അമ്മ: ഓമന. സഹോദരങ്ങൾ: ബിന്ദു, സിന്ധുമോൾ. ഒന്നാംപാപ്പാൻ അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
അഞ്ചിലധികം ആനകളെ എഴുന്നള്ളിപ്പിന് അണിനിരത്തണമെങ്കിൽ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയിരിക്കണമെന്നു ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററുടെ നിർദേശമുണ്ട്. പുത്തൻവേലിക്കര ക്ഷേത്രത്തിൽ ഏഴ് ആനകൾ ഉണ്ടായിരുന്നു.
അനുമതിയില്ലാത്ത സാഹചര്യത്തിൽ ആനകളെ എഴുന്നള്ളിക്കുന്നതു തടഞ്ഞു തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും ചടങ്ങുകൾക്കും തടസമുണ്ടാകില്ല.