ചവറ: എറ്റിഎമ്മിൽ നിന്നും പിൻവലിച്ച പണത്തിൽ കീറിയതും നിറം മങ്ങിയതുമായ നോട്ടുകൾ. മാസത്തിലെ അവസാന ശനിയാഴ്ച ബാങ്ക് അവധിയതിനാൽ നോട്ട് മാറാനാകാതെ ഉപഭോക്താവ് വലഞ്ഞു.
ചവറ മേനാമ്പള്ളി ആലയിൽ വീട്ടിൽ പത്മനാഭപിള്ള ചവറ എസ്ബിഐ ശാഖയുടെ ശങ്കരമംഗലത്തെ എറ്റിഎമ്മിൽ നിന്നും പിൻവലിച്ച 50000 രൂപയിൽ 34000 രൂപയും മാറാനാകാത്ത വിധമുള്ള നോട്ടായിരുന്നു.
പിൻവലിച്ച പണം ചവറ സബ് ട്രഷറിയിൽ അടയ്ക്കാനെത്തിയപ്പോഴാണ് നോട്ടുകൾ എടുക്കാത്ത വിധം കേടായത് അറിയുന്നത്. 2000 ത്തിന്റെ 25 നോട്ടുകളിൽ 16 എണ്ണവും കേടുപറ്റിയതായിരുന്നു. അഞ്ച് നോട്ടുകൾ കീറിയിരുന്നു. ബാക്കിയുള്ളതാകട്ടെ നിറം മങ്ങിയതും, മഷി പുരണ്ടതും, പേന കൊണ്ട് എഴുതിയതുമായിരുന്നു. ട്രഷറി ഉദ്യോഗസ്ഥർ നോട്ടെടുക്കാനാകില്ലെന്നറിയിച്ചതോടെ കരാറുകാരൻ കുഴങ്ങി.
പഞ്ചായത്തിലെ കരാർ പണിയുമായി ബന്ധപ്പെട്ട പണം ട്രഷറിയിൽ അടയ്ക്കാനാണ് പത്മമനാഭ പിള്ള എത്തിയത്. ബാങ്ക് അവധി കാരണം തിങ്കളാഴ്ചയേ പണം മാറാൻ കഴിയൂ എന്ന സ്ഥിതിയായതോടെ പണമടയ്ക്കാതെ കരാറുകാരൻ മടങ്ങി. എറ്റിഎമ്മിൽ പണം നിറയ്ക്കുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിയാണെടുത്തിരിക്കുന്നത്. ഇതേ എറ്റിഎമ്മിൽ പണം പിൻവലിച്ച മറ്റ് പലർക്കും കേടായ നോട്ടുകളാണ് ലഭിച്ചതെന്നും പറയപ്പെടുന്നു.