നിരവധി ക്യാപംയിനുകള്‍ നടത്തിയിട്ടും ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളോടുള്ള താത്പര്യം വര്‍ധിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതുവരെ രാജ്യത്തെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് തുടരുന്നു. മുഖ്യ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രമണ്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ആണ്‍കുട്ടികളുള്ള കുടുംബത്തില്‍ തുടര്‍ന്നും കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയ്യാറാവുന്നുമില്ല.
എന്നാല്‍ പെണ്‍മക്കളുള്ള കുടുംബത്തില്‍ ഈ പ്രവണത കുറവാണ്. ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി ജന്മം കൊണ്ട 2.1 കോടി പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ എത്തുന്നുണ്ടെങ്കിലും ഇപ്പോഴും അവരെ അംഗീകരിക്കാന്‍ സമൂഹത്തിലെ ഒരു വിഭാഗം തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് അത്ര നല്ലതല്ലെന്ന കാഴ്ചപ്പാടാണ് സമൂഹത്തിന്റേതെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം രാജ്യത്തെ സ്ത്രീകളുടെ ജീവിതസാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ടെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.