കൈവശമുള്ള നോട്ടുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും! പുതിയ സീരീസിലുള്ള നോട്ടുകള്‍ കേടുപറ്റിയാല്‍ ബാങ്കുകള്‍ മാറി നല്‍കില്ല; എടിഎമ്മില്‍ നിന്ന് കിട്ടുന്ന കേടായ നോട്ടുകള്‍ അതേ ബ്രാഞ്ചില്‍ പോലും മാറി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ട്

നോട്ടുനിരോധനത്തിനുശേഷം പുറത്തിറക്കിയ പുതിയ നോട്ടാണ് കയ്യിലിരിക്കുന്നതെങ്കില്‍ പ്രത്യേകം സൂക്ഷിക്കണം. കാരണം, നോട്ടിനെന്തെങ്കിലും സംഭവിച്ചാല്‍ അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയുടെ കാശു പോക്കാ. കീറിയതോ മഷിപുരണ്ടതോ ആയ പുതിയ സീരീസ് നോട്ടുകള്‍ ബാങ്കുകള്‍ മാറി നല്‍കില്ല. പുതിയ സീരീസിലുള്ള 2,000, 500, 200, 50 രൂപ നോട്ടുകളാണു കേടുപാടു പറ്റിയാല്‍ ഉപയോഗശൂന്യമാകുന്നത്. ബാങ്കുകളില്‍ ഇതു മാറി വാങ്ങാനോ, വിനിമയം നടത്താനോ സാധിക്കില്ല. പുതിയ സീരീസ് നോട്ടുകള്‍ മാറി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറങ്ങാത്തതാണു കാരണം.

ഒരു വര്‍ഷമായി വിനിമയത്തിലുള്ള 2,000, 500 രൂപ നോട്ടുകളില്‍ പലതും ചെറുതായി കീറുകയോ, മഷിപുരളുകയോ ചെയ്തിട്ടുണ്ട്. 200, 50 രൂപയുടെ പുതിയ നോട്ടുകള്‍ പ്രചാരം കുറവായതിനാല്‍ ഇതു വരെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. പുതിയ 10 രൂപ നോട്ട് ഇറക്കിയെങ്കിലും അതും പ്രചാരത്തിലായിട്ടില്ല. ചെറിയ കീറലുകളുള്ള നോട്ടു പോലും ഉപയോഗിക്കാനാകാത്ത സാഹചര്യമാണ്. നോട്ടുമായി ബാങ്കിലെത്തിയാല്‍ ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. നോട്ടുകള്‍ കെട്ടുകളായി വയ്ക്കുമ്പോള്‍ പലപ്പോഴും വശങ്ങള്‍ കേടുവരുന്നുണ്ട്.

2,000, 500 പോലെയുള്ള ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഉപയോഗശൂന്യമാകുന്നതു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നാണ് വിവിധയിടങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാങ്ക് എടിഎമ്മുകളില്‍ നിന്നു കേടായ നോട്ടു ലഭിച്ചാല്‍ അതേ ബ്രാഞ്ചില്‍ പോലും മാറി നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ലെന്നാണു ബാങ്കുകളുടെ നിലപാട്. പഴയ സീരീസ് നോട്ടുകള്‍ മാറി നല്‍കുമെന്നും പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറി നല്‍കുന്നതിനുള്ള സര്‍ക്കുലര്‍ ലഭ്യമാകാത്തതിനാല്‍ നടപടികള്‍ എടുക്കാനാവില്ലെന്നും റിസര്‍വ് ബാങ്കും വ്യക്തമാക്കുന്നു.

 

Related posts