നടി ദീപിക പദുക്കോണ്‍ പൊതുവേദിയില്‍ കണ്ണീരണിയുന്നത് പലപ്പോഴും ആളുകള്‍ കണ്ടിട്ടുണ്ട്. ഡിപ്രഷനിലൂടെ കടന്നു പോയ അനുഭവം പങ്കുവെച്ചപ്പോഴും, ഒരു അഭിമുഖത്തിനിടെ അച്ഛന്റെ കത്ത് വായിച്ചപ്പോഴും, അമ്മയുടെ സന്ദേശം ലഭിച്ചപ്പോഴുമൊക്കെയായിരുന്നു അത്. പതിവുപോലെ ഇത്തവണയും അച്ഛനുമായി ബന്ധപ്പെട്ട ചടങ്ങിനിടെയായിരുന്നു ദീപികയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. ബാഡ്മിന്റണ്‍ താരമായ അച്ഛന് പ്രകാശ് പദുക്കോണുമായുള്ള ദീപികയുടെ ആത്മബന്ധം ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ സന്തോഷ കണ്ണീര് പതിവില്‍ നിന്ന് വ്യത്യസ്തമായി കണ്ടുനിന്നവരുടെയും ദീപികയുടെ ആരാധകരുടെയും മനസിനെ സന്തോഷിപ്പിക്കുന്നതായിരുന്നു.
ബാഡ്മിന്റണ്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രകാശ് പദുക്കോണിന് ആയിരുന്നു. ഇന്ത്യയുടെ ആദ്യ ലോക ഒന്നാം നമ്പര്‍ താരമായ പ്രകാശ് പദുക്കോണിന് പുരസ്കാരം സമ്മാനിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്. അച്ഛന് പുരസ്കാരമേറ്റു വാങ്ങിയ നിമിഷമാണ് ദീപികയുടെ കണ്ണുകള്‍ നിറഞ്ഞത്. അമ്മ ഉജ്ജ്വല, അനിയത്തിയും ബാഡ്മിന്റണ്‍ താരവുമായ അനീഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. സമ്പത്തിനോ പുരസ്കാരങ്ങള്‍ക്ക് വേണ്ടിയോ അല്ല ഞാന്‍ ബാഡ്മിന്റണ്‍ ജീവിതമായി തെരഞ്ഞെടുത്തത്. കളിയോടുള്ള സ്നേഹവും അതെനിക്ക് നല്കിയ സംതൃപ്തിയും നിരന്തരം മുന്നോട്ടുവച്ച വെല്ലുവിളികളും കൊണ്ടാണ് എന്ന് അവാര്‍ഡ് സ്വീകരിച്ച് പ്രകാശ് പദുക്കോണ്‍ പറഞ്ഞു.