അധികമാർക്കും 1000 സിസി സൂപ്പർബൈക്കുകൾ സ്വന്തമാക്കാൻ കഴിയാറില്ല. വിലക്കൂടുതൽതന്നെ കാരണം. എന്നാൽ, സൂപ്പർബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹമേറിയപ്പോൾ ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി റിദേഷ് വ്യാസ് എന്ന യുവാവ് സ്വന്തമായൊരു സൂപ്പർബൈക്ക് നിർമിച്ചു.
ഇന്നു മാർക്കറ്റിലുള്ള വാഹനങ്ങളേക്കാളും രൂപത്തിൽ വ്യത്യസ്തത പുലർത്തുന്നുവെന്നു മാത്രമല്ല 1000 സിസി, 4-സിലിണ്ടർ എൻജിനാണ് ഈ മോട്ടോർസൈക്കിളിന്റെ കരുത്ത്. വിശേഷണം തീരുന്നില്ല, റിദേഷിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് വാഹനത്തിന് റിഡ് എന്നാണു പേര് നല്കിയിരിക്കുന്നത്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന പലതും ഹാൻഡ് മെയ്ഡ് പാർട്സുകളാണ്.
വലിയ വീൽബേസ് നല്കിയിരിക്കുന്നതിനാൽ റിഡ്ഡിന്റെ ആകെ നീളം ഒന്പത് അടി വരും. നിരത്തിലിറങ്ങിയാൽ ആരുമൊന്നു ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, വാഹനം ചെരിഞ്ഞാൽ ഡ്രൈവർക്ക് അല്പം വിഷമിക്കേണ്ടിവരും. 400 കിലോഗ്രാമാണ് ഈ മോട്ടോർസൈക്കിളിന്റെ ഭാരം. പരമാവധി വേഗം മണിക്കൂറിൽ 170 കിലോമീറ്റർ.
എൻജിനിയറിംഗിന്റെയോ വാഹന ഡിസൈനിംഗിന്റെയോ പിൻബലമില്ലാതെയാണ് റിദേഷ് തന്റെ റിഡ് നിർമിച്ചത്. ഇരുന്പുവ്യാപാരരംഗത്തെ പരിചയം വാഹനത്തിന്റെ പല ഭാഗങ്ങളും നിർമിക്കാൻ റിദേഷിനു സഹായകമായി.
സ്വന്തമായി ഒരു മോട്ടോർസൈക്കിൾ നിർമിക്കുക എന്ന സ്വപ്നം പൂർത്തിയാക്കാൻ റിദേഷിന് എട്ടു വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നു. ഇതുവരെ എട്ടു ലക്ഷം രൂപയോളം ചെലവുമായി. എന്തൊക്കെയാണെങ്കിലും ലിംക ബുക്സ് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കാനും റിദേഷിന്റെ സൂപ്പർബൈക്കിനു കഴിഞ്ഞു. അതെ, ഇന്ത്യയിലെ ആദ്യത്തെ ഹാൻഡ് മെയ്ഡ് സൂപ്പർബൈക്ക് എന്ന പേരിൽത്തന്നെ.