കടുത്തുരുത്തി: ട്യൂഷൻ പഠിക്കാനെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരേ കടുത്തുരുത്തി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപെട്ട് വെള്ളാശേരി സ്വദേശിയായ പ്രവീണ്‍ (44) നെ അറസ്റ്റ് ചെയ്തതതായി എസ്എച്ച്ഒ കെ.പി. തോംസണ്‍ അറിയിച്ചു. വാലാച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്കു കഴിഞ്ഞ തവണ ഒരു ദേശീയ പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചയാളാണ് യുവാവ്. ഇയാളും കുടുംബവും കുറച്ചു നാളുകൾക്ക് മുന്‍പാണ് വാലാച്ചിറയിൽ വാടകയ്ക്കു താമസമാരംഭിച്ചത്.
ഇയാളുടെ ഭാര്യയാണ് കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നത്. ഭാര്യയില്ലാത്ത സമയത്ത് ട്യൂഷനെടുക്കാനെന്ന പേരിൽ എത്തിയാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നാണ് പരാതി. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. ഇയാൾ കൂടുതൽ കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
കേസ് എടുത്ത വിവരമറിഞ്ഞ് ഇയാൾ മുങ്ങിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.