ഡർബൻ: ടെസ്റ്റ് പരമ്പര അടിയറവുവച്ച ഇന്ത്യ നാളെ ഇറങ്ങുന്നു, കൃത്യമായ ലക്ഷ്യങ്ങളുമായി. ആറു മത്സരങ്ങളുടെ ഏകദിന പരന്പര നേടാനായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഐസിസി റാങ്കിംഗിലെ ഒന്നാം നന്പർ സ്ഥാനമാണ്.
നിലവിൽ ഏകദിന റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. 119 പോയിന്റാണ് ആഫ്രിക്കക്കാരുടെ സന്പാദ്യം.
രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 116 പോയിന്റുമായി പിന്നാലെയുണ്ട്. ഈ പരന്പരയിൽ നാലു മത്സരമെങ്കിലും ജയിക്കാനായാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ പതറിയെങ്കിലും ഏകദിനത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.
എം.എസ്. ധോണിയും കേദാർ ജാദവുമൊക്കെ എത്തുന്നതോടെ കട്ടയ്ക്കു നില്ക്കുന്ന ടീമാണ് ഇന്ത്യയുടേത്. ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ തുടങ്ങിയവരെല്ലാം ഏകദിന ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അതേസമയം പരിക്കേറ്റ എ.ബി. ഡിവില്യേഴ്സ് ആദ്യ മൂന്നു കളികളിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ടാകില്ല.
ദക്ഷിണാഫ്രിക്കയിലെ മുൻകാല ചരിത്രം പക്ഷേ ഇന്ത്യക്ക് എതിരാണ്. ടെസ്റ്റിലെന്ന പോലെ ഏകദിനത്തിലും ഒരു പരന്പര നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. നാലു പരന്പരകളിലായി ആകെ 20 ഏകദിനങ്ങൾ കളിച്ചതിൽ 14 മത്സരങ്ങളിലും തോൽക്കാനായിരുന്നു വിധി. ജയിച്ചതാകട്ടെ വെറും നാലിലും.