ആലപ്പുഴ: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനോയ് കൊടിയേരിക്കെതിരേ പരാതി നൽകിയ യുഎഇ പൗരൻ ഹസൻ ഇസ്മയിൽ അബ്ദുള്ള മർസുഖി ആലപ്പുഴയിലെന്നു സൂചന. ആലപ്പുഴയിലെ ഒരു റിസോർട്ടിൽ ഇദേഹം എത്തിയതായിട്ടാണ് വിവരം. അനുരഞ്ജന ചർച്ചകൾ ഇവിടെ വച്ചു നടക്കാനാണ് സാധ്യത. അതേസമയം ഹൗസ് ബോട്ടിലാണ് മർസുഖിയുടെ താമസം.
പാർട്ടിയ്ക്കും ബിനോയ് കോടിയേരിക്കും ദോഷം ഉണ്ടാകാത്ത വിധത്തിൽ രമ്യമായ രീതിയിൽ പരിഹാരം കാണാനാണു ശ്രമം. വിദേശത്തു വച്ച് ചില വ്യവസായികൾ വഴി നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചതായിട്ടാണ് വിവരം. അതേസമയം പാർട്ടി സെക്രട്ടറിയുടെ മകൻ പ്രതിസ്ഥാനത്തുവന്നിരിക്കുന്ന ആരോപണം നേതൃത്വത്തിന്റെ പ്രതിഛായയെ ബാധിച്ചെന്ന് നേതാക്കളിലും അണികളിലും അമർഷം ഉയർന്നിട്ടുണ്ട്.
ശിവസേന തലവൻ ഉദ്ധവ് താക്കറെയും ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായിട്ടാണ് അദേഹം എത്തിയതെന്നാണ് വിവരം. അതിനാൽ തന്നെ വരവ് അതീവരഹസ്യമായിരുന്നു. ആലപ്പുഴയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു അദേഹത്തിന് താമസം ഒരുക്കിയിരുന്നത്. എന്നാൽ ഇന്നലെ രാത്രി മുഴുവൻ ഹൗസ് ബോട്ടിലാണ് താക്കറെ തങ്ങിയത്. ഇന്ന് മടങ്ങിപ്പോകും. അതീവ സുരക്ഷാ സന്നാഹങ്ങളായിരുന്നു അദേഹത്തിനായി സംസ്ഥാന പോലീസ് ഒരുക്കിയിരുന്നത്.
തിങ്കളാഴ്ചയ്ക്കകം പണം നൽകിയില്ലെങ്കിൽ മുഴുവൻ രേഖകളും പുറത്തുവിടും: യുഎഇ പൗരന്റെ അഭിഭാഷകൻ
തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരെയുള്ള സാന്പത്തിക തട്ടിപ്പ് കേസ് ഒത്ത് തീർപ്പാക്കിയിട്ടില്ലെന്ന് യുഎഇ പൗരൻ മർസുഖിയുടെ അഭിഭാഷകൻ വെളിപ്പെടുത്തി. സുപ്രീംകോടതിയിലെ അഭിഭാഷകൻ റാം കിഷോർ സിംഗ് യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ചക്കകം പണം നൽകിയില്ലെങ്കിൽ ബിനോയി കോടിയേരി, വിജയൻപിളള എംഎൽഎയുടെ മകൻ ശ്രീജിത്ത് എന്നിവർക്കെതിരെയുള്ള മുഴുവൻ രേഖകളും തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തി പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനോയി കോടിയേരിക്കെതിരെ ദുബായിൽ സാന്പത്തിക കുറ്റകൃത്യത്തിന് കേസുണ്ട്. എന്നാൽ ക്രിമിനൽ സ്വഭാവമുള്ള കേസല്ലാത്തതിനാലാണ് ബിനോയിക്ക് ദൂബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ബിനോയിക്കെതിരെ ദുബായ് കോടതി സമൻസ് അയച്ചിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സാന്പത്തിക തട്ടിപ്പിനു മുഖ്യമന്ത്രി ഒത്താശ ചെയ്യുന്നു: എം.എം. ഹസൻ
തിരുവനന്തപുരം: ബിനോയി കോടിയേരിയുടെ സാന്പത്തിക തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ കൂടി ഒത്താശയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. ഗൾഫിൽ ജോലി നോക്കുന്ന മലയാളികൾക്ക് ഒന്നാകെ ഈ സംഭവം അപമാനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അന്വേഷണം നടത്തില്ലെന്ന് ധിക്കാരപരമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് കൂട്ടുനിൽക്കുകയാണെന്നും ഹസ്സൻ ആരോപിച്ചു.യുഎഇ പൗരന് നൽകാനുള്ള 13 കോടി രൂപ കോടിയേരി ബാലകൃഷ്ണന്റെ സഹായമില്ലാതെ നൽകാൻ സാധിക്കില്ല.
കേരളത്തിലെ ഗവണ്മെന്റിനെ നിയന്ത്രിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയർന്നിരിക്കുന്ന സാന്പത്തിക തട്ടിപ്പ് ആരോപണത്തിന്റെ വിവരങ്ങൾ അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ തയാറാകാത്ത സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ഞെട്ടിക്കുന്നതാണെന്നും ഹസ്സൻ വ്യക്തമാക്കി.