ഇരിങ്ങാലക്കുട: ബന്ധുവായ യുവതിയെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് മർദനമേറ്റ് പരിക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങാലക്കുട കൊരുന്പിശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാൽ മകൻ സുജിത്ത് (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയിൽവെച്ച് യുവാവിന് മർദ്ദനമേറ്റത്.
കന്പിവടികൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സുജിത്തിനെ മർദിച്ചതിന് ബസ് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പടിയൂർ സ്വദേശി പത്താഴക്കാട്ടിൽ വീട്ടിൽ മിഥുന്റെ (32) പേരിൽ വധശ്രമത്തിനു കേസെടുത്തിരുന്നു. ഇയാൾ ഒളിവിലാണ്.
സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്ന മിഥുനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിനു കാരണമായി ബന്ധുക്കൾ പറയുന്നത്. സുജിത്തിനെ മർദ്ദിച്ച ശേഷം മിഥുൻ പെരുവല്ലിപാടത്തിനു സമീപത്തുവെച്ച് സുജിത്തിന്റെ ഇളയച്ഛനെയും മകളെയും ഓട്ടോറിക്ഷയിലെത്തി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നത്രേ.
സംഭവത്തിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാറിന്റെയും സബ് ഇൻസ്പെക്ടർ കെ.എസ.് സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുജിത് വിദേശത്തായിരുന്നു. ഇപ്പോൾ കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇന്റീരിയർ ഡിസൈനറായി ജോലിചെയ്തുവരികയായിരുന്നു. അമ്മ: അരുണ, സഹോദരി: സുവർണ. ബസ് സ്റ്റാൻഡിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമുള്ളതായി ആരോപണമുണ്ട്. ഒരാഴ്ച മുന്പ് സമാനമായ രീതിയിലും ആക്രമണം നടന്നിരുന്നു.