മങ്കൊന്പ്: ബീഫുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് പുളിങ്കുന്ന് എൻജിനിയറിംഗ് കോളജിൽ സംഘർഷം. പ്രിൻസിപ്പിൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇതര സംസ്ഥാന വിദ്യർഥികളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന സമരത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരാൾക്കു പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന സമരത്തിൽ പങ്കെടുക്കില്ലെന്നു ഒരു വിഭാഗം വിദ്യാർഥികൾ പറഞ്ഞതോടെയാണ് സമരം സംഘർഷാവസ്ഥയിലേക്കു നീങ്ങിയത്. പരിക്കേറ്റ ഒരാൾ പുളിങ്കുന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ പളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ നിയന്ത്രണ വിധേയമായി. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ. കോളജിൽ കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിംഗ് സെമിനാർ നടന്നിരുന്നു.
സെമിനാറിനോടനുബന്ധിച്ചു ഇതര സംസ്ഥാനക്കാരായ വിദ്യർഥികൾ ബീഫ് കട്ലെറ്റ് കഴിക്കാൻ ഇടയായ സംഭവമാണു പ്രശ്നങ്ങൾക്കു കാരണമായത്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ സംഘടിപ്പിച്ച നെറ്റ് ബാങ്കിംഗ് സംബന്ധിച്ചുള്ള സെമിനാറിനിടെ ചായ സത്കാരത്തിന്റെ ഭാഗമായി കടലെറ്റും നൽകിയിരുന്നു. സാധാരണയായി സെമിനാറുകൾ നടക്കുന്പോൾ കോളജ് അധികൃതർ തന്നെയാണ് ചായസത്കാരവുമൊരുക്കുന്നത്.
ഇത്തരം സാഹചര്യങ്ങൾ മാംസേതര ഭക്ഷണങ്ങൾ മാത്രമാണ് വിതരണം ചെയ്യാറുള്ളതെന്നും കോളജ് അധികൃതർ പറയുന്നു. എന്നാൽ ഇത്തവണ സെമിനാറിന്റെ സംഘാടകർ തന്നെയാണ് ചായക്കൊപ്പം രണ്ടുതരം കട്ലറ്റും ക്രമീകരിച്ചിരുന്നത്. വെജിറ്റേറിയൻ, നോണ് വെജിറ്റേറിയൻ എന്നിവ പ്രത്യേകം പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. ഇതു തിരിച്ചറിയാതെ സസ്യഭോജികളായ രണ്ടു ഇതര സംസ്ഥാന വിദ്യാർഥികൾ ബീഫ് കട്ലെറ്റ് കഴിച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായതെന്ന് പുളിങ്കുന്ന് എസ്ഐ എസ്.നിസാം പറഞ്ഞു