ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ആലപ്പുഴ നഗരത്തിൽ പാലിക്കുന്നില്ല. 2016 ഡിസംബർ 22നു ദേശീയ ഹരിത ട്രൈബ്യൂണൽ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നത് നിരോധിക്കുകയും വീഴ്ചവരുത്തുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 5000 മുതൽ 25000 വരെ പിഴയീടാക്കാനും ഉത്തരവിട്ടിരുന്നു.
എന്നാൽ ഈ ഉത്തരവ് കാറ്റിൽപറത്തി നഗരത്തിലെ പാതയോരങ്ങളിൽ വ്യാപകമായി പുലർവേളകളിൽ മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും പാതയോരത്തെ മാലിന്യങ്ങളുമാണ് ഇത്തരത്തിൽ ചുട്ടെരിക്കുന്നത്.
കനാൽ മാനേജ്മെന്റ് സൊസൈറ്റിക്കു കീഴിലുള്ള വാടക്കനാലിന്റെ ഇരുകരകളിലും ഇത്തരത്തിൽ മാലിന്യങ്ങൾ കത്തിക്കുന്നത് ആലപ്പുഴയുടെ പ്രഭാത കാഴ്ചകളിലൊന്നാണ്. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേഷൻ ഗ്രേഡിംഗിന്റെ ഭാഗമായി പാതയോരങ്ങളും മറ്റും ശുചീകരിക്കുന്പോഴുണ്ടാകുന്ന പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളും ഇത്തരത്തിൽ കത്തിക്കുന്നത് അന്തരീക്ഷത്തെ മലിനീകരിക്കുന്നുണ്ടെങ്കിലും ഇതിനെതിരേ നടപടിയെടുക്കേണ്ട അധികൃതർ കണ്ടഭാവം നടിച്ചിട്ടില്ല.
ചെറിയ തോതിൽ മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തികളിൽ നിന്നും 5000വും മാലിന്യ കൂന്പാരങ്ങൾ കത്തിക്കുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 25000 രൂപ വരെ പിഴയീടാക്കാനാണ് ഹരിത ട്രൈബ്യൂണലിന്റെ നിർദേശം. 2016-ലെ ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങളുടെ പരിധിയിൽനിന്നും പിഴയീടാക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നത്.
കൂടാതെ ഖരമാലിന്യ സംസ്കരണത്തിന് മാലിന്യങ്ങൾ വേർതിരിച്ചു നിർമിക്കാനായി പ്രത്യേക പ്ലാന്റുകൾ സ്ഥാപിക്കുകയും ഇവയുടെ മേൽനോട്ട ചുമതല കൃത്യമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ നിർദേശത്തിലുണ്ടായിരുന്നു. മാലിന്യ സംസ്കരണ ഭാഗമായി പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഖരമാലിന്യങ്ങളുടെ സംസ്കരണ കാര്യത്തിൽ ബന്ധപ്പെട്ടവരുടെ കാര്യമായ ശ്രദ്ധയില്ലെന്നാണ് പൊതുജനങ്ങൾ പറയുന്നത്.
രാജ്യത്തിനു മൊത്തം ബാധകമാകുന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെ മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.