തൃശൂർ: എടിഎം കാർഡ് മോഷണം പോയ വിവരം ബാങ്ക് അധികൃതരെ അറിയിച്ചിട്ടും സേവനം മരവിപ്പിക്കാത്തതിനെതുടർന്ന് ഉപഭോക്താവിനു പണം നഷ്ടപ്പെട്ടതായി പരാതി. കല്ലൂർ സ്വദേശി ടി.എം. ദീപയുടെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്നാണ് 3500 രൂപ മോഷ്ടാക്കൾ പിൻവലിച്ചത്. തിങ്കളാഴ്ചയാണ് കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ രണ്ട് എടിഎം കാർഡുകളും രേഖകളും അടങ്ങിയ പഴ്സ് മോഷണം പോയത്. എടിഎം കാർഡുകളുടെ പിൻനന്പർ പഴ്സിൽതന്നെ എഴുതി സൂക്ഷിച്ചിരുന്നു.
ബസിൽനിന്നിറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. ഉടനെ അക്കൗണ്ടുകളുള്ള രണ്ടു ബാങ്കുകളിലും വിളിച്ച് വിവരം അറിയിച്ചു. ഇതുനസരിച്ച് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിലെ എടിഎം സേവനം ഉടൻ ബ്ലോക്ക് ചെയ്തെങ്കിലും കനറാ ബാങ്കിലേക്ക് വിളിച്ചപ്പോൾ നേരിട്ടെത്തി പരാതി നൽകാതെ എടിഎം സേവനം റദ്ദ് ചെയ്യാനാവില്ലെന്നു മറുപടി ലഭിക്കുകയായിരുന്നു.
നേരിട്ട് പരാതി നൽകാൻ ബാങ്കിലെത്തുന്നതിനിടെ അക്കൗണ്ടിൽനിന്ന് 3500 രൂപ പിൻവലിച്ചതായി എസ്എംഎസ് സന്ദേശം കിട്ടി. തുടർന്ന് ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നൽകിയപ്പോൾ അക്കൗണ്ടിൽ 752 രൂപ മാത്രമാണുള്ളതെന്നും ഇനി ഇതു ബ്ലോക്ക് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും ചോദിച്ച് ബാങ്ക് ജീവനക്കാരൻ പരിഹസിച്ചതായും വീട്ടമ്മ പറയുന്നു. പുതുക്കാട് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.