തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ സാധ്യത. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സൂചന നൽകി. ഡീസൽ വില കൂടിയത് മോട്ടോർ വാഹന വ്യവസായ രംഗത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കിൽ നിരക്ക് വർധനയില്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ബസുടമകൾ പറയുന്നത്. അതിനാൽ സർക്കാരിന് അത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റ ശേഷം ബസ് ചാർജ് വർധന നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റുകയായിരുന്നു.
ഇപ്പോൾ ചാർജ് കൂട്ടിയാൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവും സർക്കാരിനു നേരിടേണ്ടി വരും. നേരത്തേ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന എൻസിപി അംഗം എ.കെ. ശശീന്ദ്രൻ ഇന്നു വീണ്ടും മന്ത്രിസഭയിലെത്തുകയാണ്. മുഖ്യമന്ത്രിയാണ് ഇപ്പോൾ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നത്.