കൊച്ചി: യുഡിഎഫ് പ്രമേയത്തെ ബിജെപി പിന്തുണച്ചതിനെ തുടർന്ന് സിപിഎം പ്രസിഡന്റ് പുറത്ത്. നെടുന്പാശേരി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ ആറിനെതിരേ 11 വോട്ടുകൾക്കു പാസായി. സിപിഎമ്മിലെ പി.ആർ. രാജേഷിനാണു പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
പഞ്ചായത്തിൽ മൊത്തം 18 അംഗങ്ങളാണുള്ളത്. സിപിഎം-ആറ്, യുഡിഎഫ്-ആറ് (കോണ്ഗ്രസ്- അഞ്ച്, മുസ്ലിം ലീഗ്-ഒന്ന്), ബിജെപി-അഞ്ച് (ബിജെപി-നാല്, ബിജെപി സ്വതന്ത്ര-ഒന്ന്), എസ്ഡിപിഐ-ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾക്കൊപ്പം ബിജെപിയിലെ അഞ്ച് അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്തു. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി.
സിപിഎമ്മിനും യുഡിഎഫിനും തുല്യവോട്ടുനിലയുള്ള പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണു സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.