ചങ്ങനാശേരി: കല്യാണവേദിയിലേക്ക് സ്യൂട്ടും കോട്ടുമിട്ട വരനെ പ്രതീക്ഷിച്ചിരുന്നവർ ഒരു നിമിഷം അന്പരന്നു, കാറിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ആർമി ക്യാപ്റ്റൻ! വിശ്വാസം വരാതെ പലരും ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഇന്നലെ ചങ്ങനാശേരിയിൽ നടന്ന വിവാഹച്ചടങ്ങിലാണ് ക്യാപ്റ്റനായ വരൻ ക്യാപ്റ്റനായിത്തന്നെ മിന്നു ചാർത്താൻ എത്തിയത്.
തെങ്ങണ നന്തികാട് റിട്ടയേർഡ് കേണൽ ജോണ്‍ സിറിയക്- ഡെയ്സി ദന്പതികളുടെ മകൻ ആർമി വെസ്റ്റേണ്‍ സെക്ടർ എൻജിനിയർ ക്യാപ്റ്റൻ മൈക്കിൾ സിറിയക് ജോണാണ് പട്ടാള വേഷത്തിൽ വിവാഹിതനായത്.
എറണാകുളം എലന്തിക്കര മാളിയേക്കൽ എം.വി.തോമസ്- പ്രിൻസി ദന്പതികളുടെ മകൾ ഡോ. തെരേസാ ലില്ലി തോമസാണ് വധു. വെരൂർ സെന്റ് ജോസഫ്സ് പള്ളിയിലായിരുന്നു വിവാഹം. ഫാ.വർഗീസ് കോച്ചേരി വിവാഹം ആശീർവദിച്ചു. ഫാ.ജോർജ് മാന്തുരുത്തിലും ഇതര ശുശ്രൂഷകൾക്കു നേതൃത്വം നൽകി.