അടിമാലി: മരുമകളും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാങ്കുളം വിരിപാറ മാങ്കൊന്പിൽ അച്ചാമ്മ (70)യാണ് മരിച്ചത്. കഴിഞ്ഞ നവംബറിൽ അച്ചാമ്മയുടെ മകന്റെ ഭാര്യയായ മിനിയും കാമുകനായ ബിജുവും ചേർന്നാണ് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കാമുകനുമൊത്തുള്ള വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതിനെ തുടർന്നായിരുന്നു ഇരുവരും ചേർന്ന് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഭർത്തൃമാതാവ് കുഴഞ്ഞു വീണ് പരിക്കേറ്റു എന്നായിരുന്നു മിനി പരിസരവാസികളെയും ഭർത്താവിനെയും ബന്ധുക്കളെയും ആദ്യം അറിയിച്ചത്.
എന്നാൽ, ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച അച്ചാമ്മയുടെ കഴുത്തിൽ കയറുകൊണ്ടു മുറുക്കിയതു പോലെ അടയാളം കണ്ടെത്തിയതായിരുന്നു പ്രതികളുടെ കള്ളക്കഥ പൊളിയാൻ ഇടയാക്കിയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മിനിയേയും മിനിയുടെ കാമുകൻ ബിജുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കാമുകന്റെ നിർദേശ പ്രകാരം അച്ചാമ്മയെ കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിനി മൊഴി നൽകി. വധശ്രമത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അച്ചാമ്മ കഴിഞ്ഞ രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്.
മിനിക്കും ബിജുവിനുമെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളതെന്നും അക്രമത്തിനിരയായ അച്ചാമ്മ മരിച്ച സാഹചര്യത്തിൽ ഇരുവർക്കുമെതിരെ 302 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുക്കുമെന്നും മൂന്നാർ പോലീസ് അറിയിച്ചു.