ഇലന്തൂർ: പ്രക്കാനത്ത് വയോധികയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി ചെല്ലദുരൈ (49) യാണ് പിടിയിലായത്. ടാപ്പിംഗ് തൊഴിലാളിയാണ്. 12 വർഷമായി ഇലന്തൂരിനടുത്ത് കെ.വി. മത്തായി ഉപദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഭാര്യയും മക്കളും നാട്ടിൽ പോയതിനാൽ ഇയാൾ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ താമസം. പ്രക്കാനത്തിനു സമീപം തനിയെ താമസിക്കുന്ന വയോധികയെ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വീടിന്റെ ജനൽ അഴി തകർത്താണ് അകത്തുകടന്നത്. ചെല്ലദുരൈയുമായി ഇന്നലെ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ഇയാളുടെ വീട്ടിലും കൊണ്ടുവന്നിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
ആശുപത്രിയിൽ കഴിയുന്ന വയോധിക ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. കയർ കെട്ടി മുറുക്കിയതിന്റെ മുറിവുകൾ പുറമേയുണ്ട്. തിങ്കളാഴ്ച രാത്രി ഒന്പതിനു ശേഷമാണ് ചെല്ലദുരൈ വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് പറയുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വനിതാ കമ്മീഷൻ കേസെടുത്തു
പത്തനംതിട്ട: പ്രക്കാനത്ത് ഒറ്റയക്കു താമസിച്ചിരുന്ന 80 കാരിയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ വീടിനു പുറകുവശത്തെ ജനൽ തകർത്താണ് രണ്ടംഗ സംഘം സ്ത്രീയെ ഉപദ്രവിച്ചത്. അന്വേഷണ പുരോഗതി സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയിൽനിന്ന് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.