ചെറുതുരുത്തി: കാഴ്ചശേഷിയില്ലാത്തവർക്കു വായിക്കാൻ ചെലവു കുറഞ്ഞ ബ്രെയ്ലി ലിപി പ്രിന്റർ നിർമിച്ച് ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ. ഒന്നര ലക്ഷം രൂപ വിലവരുന്നവയാണ് ബ്രെയ്ലി പ്രിന്ററുകൾ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. കോളജിലെ വിദ്യാർഥികൾ നിർമിച്ച പ്രിന്ററിന് 8,500 രൂപയാണു ചെലവായത്.
വിദ്യാർഥികളായ ജെസ്വിൻ ജോസഫ് പാലാട്ടി, കെ.ബി. ബർണാഡ്, ശ്രുതി ചന്ദ്രൻ, വി. പ്രണവ്, എൻ. വരദ എന്നിവർ ചേർന്നാണ് ഈ പ്രിന്റർ വികസിപ്പിച്ചെടുത്തത്.
കുന്നംകുളം ഗവണ്മെന്റ് ബ്ലൈൻഡ് സ്കൂൾ പ്രിൻസിപ്പൽ സത്യശീലൻ പ്രിന്ററിൽ പ്രിന്റു ചെയ്ത പേപ്പർ വിരലുകൊണ്ടു തടവി വായിച്ചു. നടക്കാനാകാത്ത സഹപാഠിക്കുവേണ്ടി വീൽ ചെയർ നിർമിച്ച ക്യൂൻ സിനിമയിലെ രംഗം തിയേറ്ററുകളിൽ കൈയടി വാങ്ങുന്പോൾ കാഴ്ചയില്ലാത്തവർക്കു ചെലവു കുറഞ്ഞ ബ്രയ്ലക്സ് പ്രിന്റർ നിർമിച്ച് ജ്യോതിയിലെ വിദ്യാർഥികൾ മാതൃകയായി.
ക്യൂൻ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി, സംഗീത സംവിധായകൻ ജക്സ് ബിജോയ് അഭിനേതാക്കളായ മാടപ്രാവ്, മോണിക്ക എന്നിവർ കോളജിൽ എത്തി വിദ്യാർഥികളെ അനുമോദിച്ചു. തൃശൂർ അതിരൂപതാ വികാരി ജനറാൾ മോണ്‍ തോമസ് കാക്കശേരി അധ്യക്ഷനായി. കോളജ് പ്രിൻസിപ്പാൾ ഫാ. ജെയ്സണ്‍ പോൾ മുളേരിക്കൽ സിഎംഐ, അസിസ്റ്റന്റ് മാനേജർ ഫാ. റോയ് ജോസഫ് വടക്കൻ എന്നിവർ പ്രസംഗിച്ചു.