മട്ടന്നൂർ: അപകടം വിളിച്ചു വരുത്തി വൈദ്യുത ലൈനിന്റെ സ്റ്റേ കമ്പി. മട്ടന്നൂർ – തലശേരി റോഡിൽ പഴശിരാജാ സ്മാരകത്തിനു സമീപത്തെ വളവിലാണ് അപകടമുണ്ടാക്കുന്ന വിധത്തിൽ സ്റ്റേ കമ്പി വലിച്ചു കെട്ടിയിരിക്കുന്നത്. വൈദ്യുതിയുടെ പ്രധാന ലൈൻ കടന്നു പോകുന്ന തൂണിന്റെ സ്റ്റേ കമ്പിയാണ് റോഡിനോട് ചേർന്നു സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുത തൂൺ റോഡിൽ നിന്നു അഞ്ച് മീറ്റർ അകലെയാണ് സ്ഥാപിച്ചതെങ്കിലും സ്റ്റേ കമ്പി ടാറിംഗ്റോഡിനോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. രാപകലില്ലാതെ നൂറ് കണക്കിന് വാഹനങ്ങൾ ചീറി പായുന്ന റോഡരികിൽ വൈദ്യുത കമ്പി അപകടമുണ്ടാക്കുകയാണ്.
നിരവധി വാഹനാപകടങ്ങൾ ഉണ്ടായ സ്ഥലത്താണ് അപകട ഭീഷണി ഉയർത്തി കമ്പിയുള്ളത്. ഇവ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ നിരവധി തവണ കെഎസ് ഇബി അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു.