ബലൂണ്‍ പെണ്‍കുട്ടി ! ചൈനയിലെ ഗ്യാന്‍ഷൗ സ്വദേശിയുടെ മുഖത്തുള്ളത് നാലു ബലൂണുകള്‍ ; ഡോക്ടര്‍മാര്‍ ഇവളോട് ഇങ്ങനെ ചെയ്യാന്‍ കാരണം ഇതാണ്…

ചൈനയിലെ ഗ്വാങ്ഷൗ സ്വദേശിയായ സിയാ യാന്‍ എന്ന 23കാരി പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മുഖത്ത് വീര്‍പ്പിച്ച നാലു ബലൂണുകളുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടാല്‍ എന്താണ് ഇവള്‍ക്ക് കുഴപ്പമെന്ന് ഒരു ചോദ്യം പലരും ചോദിക്കും. കാന്‍സറിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ ബലൂണ്‍ പരിപാടി എന്നറിഞ്ഞാല്‍ അമ്പരപ്പ് സഹതാപത്തിന് വഴിവെക്കും.

സിയാ യാന്‍ ജനിച്ചത് മുഖത്തൊരു വലിയ മറുകുമായായിരുന്നു. അവളുടെ മുഖത്തിന്റെ പാതിയിലേറെയും ആ മറുക് മൂടിയിരുന്നു. സിയാ യാന്‍ വളര്‍ന്നതോടെ അവള്‍ക്കൊപ്പം മുഖത്തെ കലയും വളര്‍ന്നു. ജന്മനാതനിക്ക് ലഭിച്ച ഈ മറുകുമായി ബാക്കി ജീവിതം സന്തോഷത്തോടെ കഴിയാന്‍ അവള്‍ ഒരുക്കവുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മാസത്തോടെയായിരുന്നു. 500,000ത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് (congenital melanocytic nevus ) ആയിരുന്നു സിയായുടെ പ്രശ്‌നം. മറുകില്‍ ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ചൈനയിലെ ഷാന്‍ഘായി പീപ്പിള്‍ ആശുപത്രിയില്‍ എത്തി. മറുകിലെ കോശങ്ങളില്‍ കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സാധ്യതയുള്ളതായി പരിശോധനയില്‍ കണ്ടെത്തി. സിയയുടെ അവസ്ഥയുള്ള 5-10 ശതമാനം ആളുകള്‍ക്കും ഇത്തരത്തില്‍ കാന്‍സര്‍ സാധ്യത ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിനു പരിഹാരമായാണ് സിയയുടെ മുഖത്ത് ബലൂണ്‍ ചികിത്സ ആരംഭിച്ചത്. മുഖത്തു പുതിയ കോശങ്ങള്‍ വളരാന്‍ വേണ്ടി നാലു ബലൂണുകളാണ് മുഖത്ത് ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. ഇതുവഴി മുഖം വികസിപ്പിച്ച് പുതുകോശങ്ങള്‍ വളര്‍ത്തി എടുക്കാം. ശേഷം മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്തു ഈ കോശങ്ങള്‍ വെച്ചുപിടിപ്പിക്കാം. ബാല്യകാലം മുതല്‍ താന്‍ നിരവധി പരിഹാസങ്ങള്‍ കേട്ടാണ് വളര്‍ന്നതെന്ന് സിയ പറയുന്നു. കുടുംബം എന്നും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും അതാണ് തന്റെ ഊര്‍ജ്ജമെന്നും അവള്‍ പറയുന്നു. ചികിത്സയ്ക്ക് ശേഷം തന്റെ ‘പുതിയ മുഖ’ത്തിനു വേണ്ടി കാത്തിരിക്കുകയാണ് സിയാ യാന്‍.

 

Related posts