കടുത്തുരുത്തി: ബസ് ഓടിക്കുന്നതിനിടെ അക്രമിസംഘം ഡ്രൈവറെ കല്ലെറിഞ്ഞു വീഴ്ത്തി. സംഭവം സംബന്ധിച്ചു പോലീസിൽ ബസുടമ പരാതി നൽകിയെങ്കിലും പിന്നീട് നടന്ന മധ്യസ്ഥ ചർച്ചയിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്തു.
കല്ലേറ് കൊണ്ടുണ്ടായ ബസ് ഡ്രൈവറുടെ മുറിവ് ബസിൽ നിന്ന് ഇറങ്ങുന്പോൾ താഴെ വീണുണ്ടായതെന്നായി മാറുകയും ചെയ്തു. മധ്യസ്ഥ ചർച്ചയിൽ കല്ലെറിഞ്ഞ സംഘം ഡ്രൈവർക്ക് നഷ്ടപരിഹാരമായി മധ്യസ്ഥർ നിശ്ചയിച്ച തുക നൽകാൻ തയാറായതോടെ കാര്യങ്ങളെല്ലാം രമ്യമായി പരിഹരിച്ചു. സംഭവം സംബന്ധിച്ച് ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് കടുത്തുരുത്തി പോലീസും നിലപാട് സ്വീകരിച്ചു.
പരാതികൾ ഉണ്ടാകുന്പോൾ പരിഹരിക്കാൻ പുതിയ ഫോർമൂലയാണ് രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനിടെ ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ സംഘം ബസ് ഡ്രൈവറെ മർദിച്ചതായി പരാതി ഉണ്ടായത്. ബുധനാഴ്ച വൈകൂന്നേരം ആറോടെ കുറുപ്പന്തറ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. കുറുപ്പന്തറ ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനിടെയാണ് പ്രദേശവാസികളായ ചിലർ ബസ് ജീവനക്കാരുമായി തർക്കമുണ്ടായത്.
തുടർന്ന് ബസ് മുന്നോട്ടെടുത്ത് പോയെങ്കിലും റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ നിർത്തിയിടേണ്ടി വന്നു. ഈ സമയം ഓട്ടോറിക്ഷയിൽ പിന്തുടർന്ന് എത്തിയ അക്രമികൾ ബസിൽ കയറി ഡ്രൈവറെ മർദിക്കുയായിരുന്നുവെന്ന് ബസുടമ ഏറ്റുമാനൂർ സ്വദേശി ഷിബി കടുത്തുരുത്തി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ബസ് ഡ്രൈവർ കാണക്കാരി സ്വദേശി അനീഷി(42)നാണ് മർദനമേറ്റത്. അനീഷിനെ മർദിക്കുന്നതു കണ്ട് യാത്രക്കാർ ബഹളം വച്ചതിനെത്തുടർന്ന് അക്രമി സംഘം പിൻവാങ്ങുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ ഇവരിലൊരാൾ ഡ്രൈവർക്കു നേരേ കല്ലെറിഞ്ഞു. കല്ല് നെറ്റിയിൽ കൊണ്ട് ഡ്രൈവർ ബോധം കെട്ടു വീഴുകയായിരുന്നു.
ഡ്രൈവർ ബോധം കെട്ട് വീണതോടെ ബസ് നിയന്ത്രണം വിട്ട് പിറകോട്ടുരുണ്ട് പിന്നിലുണ്ടായിരുന്ന കാറിലിടിച്ചു. സംഭവത്തത്തുടർന്ന് കുറുപ്പന്തറ-കല്ലറ റോഡിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനെ ത്തുടർന്ന് ബസിന്റെ ട്രിപ്പ് മുടങ്ങി.