തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേ ബലപ്പെടുത്തുന്നത് ഉൾപ്പെടെയുളള പ്രവൃത്തികൾ പൂർത്തിയായതിനാൽ അവിടെനിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുളള ഹജ്ജ് യാത്രയുടെ കേന്ദ്രമായി കോഴിക്കോട് വിമാനത്താവളത്തെ വീണ്ടും മാറ്റണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. 2015 വരെ കേരളത്തിൽനിന്നും ലക്ഷദ്വീപിൽനിന്നുമുളള ഹജ്ജ് യാത്രയുടെ എംബാർക്കേഷൻ കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നു. കാരണം കേരളത്തിൽ നിന്നുളള തീർഥാടകരുടെ 80 ശതമാനവും വടക്കൻ ജില്ലകളിൽനിന്നാണ്. മാത്രമല്ല, കേരള ഹജ്ജ് കമ്മിറ്റി ഓഫീസിന് 3000 തീർഥാടകരെ താമസിപ്പിക്കുന്നതിനുളള സൗകര്യം കോഴിക്കോട്ടുണ്ട്.
എന്നാൽ റണ്‍വെയുടെ പ്രവൃത്തി ആരംഭിച്ചപ്പോൾ ഹജ്ജ് യാത്രയുടെ കേന്ദ്രം താത്കാലികമായി കൊച്ചിയിലേക്ക് മാറ്റുകയാണുണ്ടായത്.സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി എന്നിവർക്കും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.