ബംഗാളില്‍ സിപിഎമ്മിന്റെ നില കൂടുതല്‍ പരുങ്ങലിലാകുന്നു, കെട്ടിവച്ച കാശു പോലും പോയതിന്റെ ഞെട്ടലില്‍ യെച്ചൂരി, രണ്ടാം സ്ഥാനത്തെത്തി ബിജെപി കരുത്ത് കാട്ടി, ബംഗാള്‍ പറയുന്നതിങ്ങനെ

പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ അസ്തമയത്തിന് നാന്ദി കുറിച്ചോ? ഉപതെരഞ്ഞെടുപ്പിലെ സൂചനകള്‍ അതു തന്നെയാണ് വ്യക്തമാക്കുന്നത്. തൃണമൂലിന്റെ പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നു വരുന്നതാണ് കഴിഞ്ഞദിവസത്തെ ഫലങ്ങള്‍ കാണിച്ചു തരുന്നത്. കഴിഞ്ഞ തവണ സി പി എമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ച നൊവാ ചാഡ മണ്ഡലം ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു.

ഏവരെയും ഞെട്ടിച്ച് ഇവിടെ രണ്ടാമതെത്തിയത് ബി ജെ പിയാണ്. തൃണമൂലിന്റെ സുനില്‍ സിംഗ് 73000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചപ്പോള്‍ സി പി എമ്മിന് കിട്ടിയത് ഇതിന്റെ പകുതിയില്‍ താഴെ 35497 വോട്ടുകള്‍ മാത്രമാണ്. ബി ജെ പി സ്ഥാനാര്‍ഥി 38711 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി.ഉലുബെറിയ ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം 4.74 ലക്ഷത്തിനാണെങ്കില്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള സി പി എം സ്ഥാനാര്‍ഥിക്ക് കിട്ടിയ ആകെ വോട്ട് 138792 വോട്ടുകളാണ്.

സിപിഎം സ്ഥാനാര്‍ഥി സമീറുദ്ദീന്‍ മൊല്ലയായിരുന്നു. 2014 ല്‍ ഇതേ മണ്ഡലത്തില്‍ സമീറുദ്ദീന്‍ മൊല്ല രണ്ടാമതായിരുന്നു. അന്ന് കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചപ്പോഴായിരുന്നു രണ്ടാമതെത്തിയതെങ്കില്‍ ഇത്തവണ മൂന്നാമതായത് അന്നത്തെതിനേക്കാള്‍ 2 ലക്ഷത്തോളം വോട്ടുകളുടെ കുറവിനാണ്. കെട്ടിവച്ച കാശ് പോയത് മിച്ചം. മാത്രമല്ല, ഇവിടെയൊക്കെ ബി ജെ പി രണ്ടാമനായതാണ് ശ്രദ്ധേയം.

Related posts