തൃശൂർ: ക്ഷേത്രം പൂജാരിയെ മദ്യലഹരിയിലെത്തിയ ആൾ ഹെൽമറ്റു കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. പഴയനടക്കാവ് ശ്രീകാർത്യായിനിക്ഷേത്രത്തിലെ പൂജാരിയായ ദേവദാസ് തിരുമേനിയെയാണ് മർദ്ദിച്ചത്. ഇന്നലെ വൈകീട്ട് കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. ദേവദാസ് തിരുമേനിയും ഭാര്യയും സ്കൂട്ടറിൽ വരുന്പോൾ ഗേറ്റിനടുത്തുവെച്ച് സൈക്കിളിലെത്തിയ മദ്യപൻ ഇവരുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്ന് ദേവദാസ് പറഞ്ഞു.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും ദേവദാസിന്റെ ഹെൽമറ്റ് കൈക്കലാക്കി മദ്യപൻ ദേവദാസിന്റെ തലക്കടിക്കുകയുമായിരുന്നു. അടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ ദേവദാസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് തിരുമേനി പറഞ്ഞു.