കവിതയും കഥയും നിറഞ്ഞ ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി എന്‍.പി സ്നേഹയുടെ കവിതയും ഇടം പിടിച്ചു. 2015 ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്നേഹ എഴുതിയ ‘ലാബ്’ എന്ന കവിതയിലെ വരികളാണ് ധനമന്ത്രി തോമസ് ഐസക് എടുത്ത് പറഞ്ഞത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ഈ കവിത. അതിങ്ങനെയായിരുന്നു…
കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരി പുരണ്ട് കേടുവന്ന
ഒരു മെഷീന് അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്.’
അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞുവെന്ന് മന്ത്രി പറയുന്നു. പാലക്കാട് ജില്ലയിലെ പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സ്നേഹ. കോണ്‍ട്രാക്ടറായ പ്രദീപിന്റേയും അധ്യാപികയായ ഷീബയുടേയും മകള്‍. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളില്‍ ഒരാളാവട്ടെയെന്ന് ബജറ്റവതരണത്തിനുശേഷം ഫേസ്ബുക്കിലൂടെ അദ്ദേഹം പറയുകയും ചെയ്തു.