20,000 രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രൂപയുമായി പശ്ചിമ മംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികളും പൊന്‍കുന്നം സ്വദേശിയായ യുവാവും അറസ്റ്റില്‍. പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ് (45), മുംബൈയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേക്ക് (27), സാഹിം (20) എന്നിവരാണു നേര്യമംഗലത്തിനു സമീപം തലക്കോട് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍നിന്നു പിടിയിലായത്.
അടിമാലിക്കു സമീപം ഇരുമ്പുപാലത്തുനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്നു 2000ത്തിന്റെ 11 കള്ളനോട്ടുകള്‍ ഉള്‍പ്പെടെ 7.50 ലക്ഷം രൂപ കണ്ടെടുത്തതെന്നു പോലീസ് പറഞ്ഞു. മൂന്നാറില്‍ പോയി മടങ്ങുകയായിരുന്നു മൂവരും. കാറില്‍ ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
നല്ല നോട്ടുകള്‍ക്കൊപ്പം ഇടകലര്‍ത്തിയാണു കള്ളനോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കള്ളനോട്ട് വേട്ടയറിഞ്ഞ് നൂറുകണക്കിനാളുകള്‍ ചെക്ക്പോസ്റ്റില്‍ തടിച്ചുകൂടിയിരുന്നു. ഇരുമ്പുപാലത്തുള്ള ഒരു ബേക്കറിയില്‍നിന്ന് 650 രൂപയുടെ സാധനങ്ങള്‍ വാങ്ങിയശേഷം 2000ന്റെ നോട്ടുകള്‍ പ്രതികള്‍ കൊടുക്കുകയായിരുന്നു. നോട്ടില്‍ വ്യാപാരിക്കു സംശയം തോന്നിയപ്പോഴേക്കും സംഘം കടയില്‍നിന്നു മടങ്ങിയിരുന്നു. കടയുടമ ഉടന്‍ വാളറ ചെക്പോസ്റ്റില്‍ വിവരം അറിയിച്ചു.
അവര്‍ ചില വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും സംശയിക്കപ്പെട്ടവരായിരുന്നില്ല. തുടര്‍ന്നു തലക്കോട് ചെക്ക്പോസ്റ്റില്‍ വിവരമറിയിച്ചു. ഇവിടെ വാഹനങ്ങള്‍ തടഞ്ഞു നടത്തിയ പരിശോധനയിലാണു സംഘം വലയിലായത്. ഊന്നുകല്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൂന്നു ദിവസം മുന്‍പ് തങ്ങള്‍ കേരളത്തിലെത്തിയതാണെന്നു യുവതികള്‍ പറഞ്ഞു. അനൂപിനൊപ്പം കുമരകത്തുനിന്നാണു മൂന്നാറിലേക്കു പുറപ്പെട്ടത്.
സുഹാനയും അനൂപും തമ്മില്‍ ബഹ്റിനില്‍ വച്ചാണു പരിചയപ്പെട്ടത്. ടൂറിസ്റ്റുകള്‍ എന്ന വ്യാജേന സഞ്ചരിച്ച് വിവിധ സ്ഥലങ്ങളില്‍ കള്ളനോട്ട് ചെലവാക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. പിടികൂടിയ പണം സ്ഥലക്കച്ചവടം നടത്തി ലഭിച്ചതാണെന്നാണ് അനൂപ് നല്കിയ മൊഴി. പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഊന്നുകല്‍ എസ്ഐ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ കള്ളനോട്ടുകള്‍ കേരളത്തില്‍ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ക്ക് അന്തര്‍സംസ്ഥാന കള്ളനോട്ട് മാഫിയയുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.