ഇനി ഒരു പരീക്ഷണത്തിനില്ല! ആഗ്രഹമുണ്ടായിരുന്നെങ്കിലും രാശിയില്ലാത്തവള്‍ എന്ന് കേള്‍ക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മലയാളത്തില്‍ ഇനി സിനിമ ചെയ്യില്ല; നയം വ്യക്തമാക്കി നടി വിദ്യാ ബാലന്‍

സിനിമാലോകത്തുനിന്ന് അടുത്തിടെ വിവാദമായ ഒന്നാണ് ആമി എന്ന കമല്‍ സിനിമയില്‍ നിന്ന് നടി വിദ്യാ ബാലന്‍ പിന്മാറിയ വാര്‍ത്ത. താന്‍ മനസിലാക്കിയ മാധവിക്കുട്ടിയുമായി കമലിന്റെ മാധവിക്കുട്ടിയ്ക്ക് ഏറെ വ്യത്യാസമുണ്ടെന്ന കാരണത്താലാണ് താന്‍ ആമിയില്‍ നിന്ന് പിന്മാറിയതെന്നും വിദ്യ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി വിദ്യാ ബാലന്‍. മലയാളത്തില്‍ അഭിനയം തുടങ്ങാന്‍ ആഗ്രഹിച്ചതും അങ്ങനെ സംഭവിച്ചതും കമല്‍ സാറിന്റെ സിനിമയിലാണ്. എന്നാല്‍ ചിത്രം വെളിച്ചം കണ്ടില്ല. തമിഴില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. അപ്പോഴേക്കും രാശിയില്ലാത്തവള്‍ എന്ന പേരും കിട്ടിയെന്നാണ് വിദ്യാ ബാലന്‍ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നും ഈ ബോളിവുഡ് താരം അറിയിച്ചിരിക്കുകയാണ്.

സംവിധായകന്‍ കമല്‍ വിദ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. അതിനു മറുപടിയുമായാണ് വിദ്യയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താനാണ് ചെയ്യുന്നതെങ്കില്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കാമെന്ന് കമല്‍ പറഞ്ഞിരുന്നതായി വിദ്യ പറയുന്നു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് മാധവിക്കുട്ടി. അവരുടെ ജീവിതം കമല്‍ സാറിന്റെ സിനിമയിലൂടെ തന്നെയാവട്ടെയെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും വിദ്യ പറഞ്ഞു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. ഇതിനുള്ള കാരണം ഒറ്റവാക്കില്‍ പറയാന്‍ കഴിയില്ലെന്നും ഇനിയും മലയാളത്തില്‍ സിനിമ ചെയ്യാന്‍ താല്പര്യമില്ലെന്നും വിദ്യ പറഞ്ഞു. രണ്ടു പ്രാവശ്യം മലയാളത്തില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതാണ് കാരണമെന്നും അവര്‍ വ്യക്തമാക്കി.

 

Related posts