തിരുവനന്തപുരം: നെല്ലളന്ന കര്ഷകന് ഉടന്‍ സഹകരണ ബാങ്കുകളിലൂടെ പണം നല്‍കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ.
പൈലറ്റ് പദ്ധതിയായി ഈ വിളവെടുപ്പ് കാലം മുതല്‍ പാലക്കാട് ജില്ലയില്‍ പദ്ധതി നടപ്പാക്കും. കൃഷിവകുപ്പ്, ഭക്ഷ്യവകുപ്പ് എന്നിവയുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. ഇതിനുള്ള നിര്‍ദേശം കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തി അടുത്ത വിളവെടുപ്പ് സീസണ് മുതല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും ഈ രീതി വ്യാപിപ്പിക്കും.
അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്ത് സംഭരിക്കുന്നതിനും സഹകരണ റൈസ് മില്ലുകളിലൂടെ സംസ്കരിച്ച് സ്വന്തം ബ്രാന്‍ഡില്‍ സഹകരണ സ്റ്റോറുകളുടെ ശൃംഖലയിലൂടെ വിപണനം ചെയ്യാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.