നിക്കി ഗൽറാണി സിനിമയിലെത്തിയിട്ട് നാലു വർഷം പൂർത്തിയാകുന്നു. എബ്രിഡ് ഷൈൻ എന്ന സംവിധായകൻ പിറന്നിട്ടും ഫെബ്രുവരി ഒന്നിന് നാലു വർഷം തികഞ്ഞു. എബ്രിഡ് ഷൈനും നിവിൻ പോളിയും നിക്കിയും ഒന്നിച്ച 1983 എന്ന ചിത്രത്തിന്റെ നാലാം വാർഷികമായിരുന്നു ഫെബ്രുവരി ഒന്ന്. സഹോദരി സിനിമയിലുണ്ടായിട്ടും ബംഗളൂരുകാരിയായ നിക്കി ഗൽറാണിക്ക് ബിഗ് സ്ക്രീനിന്റെ വെളിച്ചം കാണിച്ചുകൊടുത്തത് ഒരു മലയാള സിനിമയാണ്. നാലു വർഷം താൻ ഇന്ഡസ്ട്രിയിൽ പൂർത്തിയാക്കിയത് പ്രേക്ഷകരുടെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണെന്ന് നിക്കി തന്റെ ട്വിറ്ററിൽ കുറിച്ചു.
“സിനിമയുടെ വലിയ ലോകത്ത് ഞാനെത്തിയിട്ട് നാലു വർഷം. നാലു വർഷം 27 സിനിമകൾ.. മറക്കാനാവാത്ത സിനിമകൾ.. ഇപ്പോഴും ഞാൻ എണ്ണിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകരായ നിങ്ങളുടെ സ്നേഹവും പിന്തുണയുമില്ലാതെ എനിക്കിത് അസാധ്യമാണ്. എന്നെ ഇന്ന് കാണുന്ന നടിയാക്കിയതിന് എല്ലാവർക്കും നന്ദി”- നിക്കി എഴുതി. 1993 ജനുവരി മൂന്നിന് ബംഗളൂരുവിലാണ് നിക്കി ഗൽറാണിയുടെ ജനനം. സഹോദരി സഞ്ജന ഗൽറാണി കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് നിക്കി മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്.
1983 ലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിക്കിയെ മലയാളികൾ സ്വീകരിച്ചു. തുടർന്ന് നസ്റിയ നസീമും നിവിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഓം ശാന്തി ഓശാനയിൽ അതിഥി താരമായി നിക്കി എത്തി. ആ വർഷം തന്നെ നിക്കി കന്നട സിനിമയിലും കാല് വച്ചു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ധാരാളം അവസരങ്ങൾ വരാൻ തുടങ്ങി.
ജാംബൂ സവാരി, സിദ്ധാർത്ഥ തുടങ്ങിയ ചിത്രങ്ങൾ മാതൃഭാഷയിൽ ചെയ്തു. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് നിക്കി വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത്. കുഞ്ഞ് ബജറ്റിലെത്തിയ കുഞ്ഞു ചിത്രം വൻ വിജയമായതോടെ അതും നിക്കി ഗൽറാണിയുടെ ഭാഗ്യങ്ങളുടെ പട്ടികയിലിട്ടു.ഡാർലിങ് എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗൽറാണി തമിഴ് സിനിമാ ലോകത്ത് എത്തിയത്. അത് ക്ലിക്കായി. പിന്നെ തമിഴ് സിനിമാ ലോകത്ത് നിന്നും നിക്കിക്ക് അവസരങ്ങൾ വന്നുകൊണ്ടിരുന്നു.
അപ്പോഴേക്കും മലയാളികൾ കണ്ടു ശീലിച്ച നിക്കിയുടെ രൂപം മാറിയിരുന്നു. കൃഷ്ണാസ്ഥമി എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗൽറാണി തെലുങ്ക് സിനിമാ ലോകത്ത് എത്തുന്നത്. അവിടെയും പിന്നെ നടി തിരക്കിലായി. തമിഴ്, കന്നട, തെലുങ്ക് മലയാള സിനിമകൾ മാറി മാറി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ മൂന്നു വർഷമായി നിക്കി.