കോട്ടയം: കേരളത്തിലെ വിവിധ ജില്ലകളിൽ സ്ഥിരമായി ഭവന ഭേദനം നടത്തി കവർച്ച നടത്തുകയും വാഹനമോഷണങ്ങൾ നടത്തുകയും ചെയ്തു വന്നിരുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന ഇടുക്കി തങ്കമണി വില്ലേജിൽ കാമാക്ഷി വലിയപറന്പിൽ ബിജു(41)വിനെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ സേലം ജില്ലയിൽ അത്തൂരിനടുത്ത് ഇടയപ്പട്ടി ഭാഗത്തുള്ള കരുമാന്തുറയിൽ ഒളിവിൽ കഴിയുകയായിരുന്നു. പണത്തിന് ആവശ്യം വരുന്പോൾ കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു ഒരുവർഷത്തോളമായി ഇയാളുടെ രീതി. ഇയാളെ പിടികൂടുന്പോൾ വിൽക്കാനായി കൈയിൽ കരുതിയിരുന്ന സ്വർണ ഉരുപ്പടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നൂറോളം മോഷണ കേസുകൾ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരുമാസമായി ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ മേൽനോട്ടത്തിലുള്ള ടീം അന്വേഷണം നടത്തി വരികയായിരുന്നു.
കോട്ടയം ഈസ്റ്റ് സബ് ഇൻസ്പെക്ടർ റനീഷ് , എഎസ്ഐമാരായ ഷിബുക്കുട്ടൻ, അജിത്, ഐ. സജികുമാർ, കോട്ടയം ഡിവൈഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ. അരുണ് കുമാർ, പാലാ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സിനോയ് എന്നിവരടങ്ങിയ സംഘമാണ് ബിജുവിനെ പിടികൂടിയത്.
കഴിഞ്ഞ നാല് വർഷമായി ഒളിവിൽ കഴിഞ്ഞു വന്ന ഇയാൾക്കെതിരെ പാന്പാടി, കട്ടപ്പന, വണ്ടൻമേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ, മുരിക്കാശേരി എന്നീ കേസുകളിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.