അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിലെ വിശ്വകിരീടം ഉയര്‍ത്തുന്നത്. ഫൈനലില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ 38.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇടംകൈയന്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് ഫൈനലിന്റെ താരവുമായി. 102 പന്തില്‍ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മന്‍ജോതിന്റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാര്‍വിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാന് ഗില്‍ (31), ക്യാപ്റ്റന്‍ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ജൊനാദന്‍ മെര്‍ലോ മാത്രമാണ് പൊരുതിയത്. മര്‍ലോയുടെ 76 റണ്‍സ് മികവിലാണ് ഓസീസ് മാന്യമായ സ്കോര്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശിവം മവി, കമലേഷ് നാഗര്‍കോട്ടി, ഇഷാന് പോറല്‍, അന്‍കുള്‍ റോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
ലോകകപ്പില്‍ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തന്‍ താരോദയം ശുബ്മാന് ഗില്ലാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഗില്‍ 374 റണ്‍സാണ് ലോകകപ്പില്‍ അടിച്ചു കൂട്ടിയത്. ഇതില്‍ സെമിഫൈനലില്‍ പാക്കിസ്ഥാനെതിരേ പൊരുതി നേടിയ സെഞ്ചുറിയും ഉള്‍പ്പെടുന്നുണ്ട്. നേരത്തെ മുഹമ്മദ് കൈഫ്, വിരാട് കോഹ്ലി, ഉന്മുക് ചന്ദ് എന്നിവരുടെ നായകത്വത്തിലും ഇന്ത്യ കുട്ടി ക്രിക്കറ്റില്‍ ചാന്പ്യന്മാരായിട്ടുണ്ട്.