കൂത്തുപറമ്പ്:പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം നേതാവ് കുഴിച്ചാൽ മോഹനനെ (53) കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരായ രണ്ടു പ്രതികൾ കൂടി കോടതിയിൽ കീഴടങ്ങി. ധർമടത്തെ എൻ.ലനീഷ് (34), പാതിരിയാട് സോപാനത്തിൽ വിപിൻ (32) എന്നിവരാണ് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഇവരെ റിമാൻഡ് ചെയ്തു.
ഇവർ ഉൾപ്പെടെ 16 പേർക്കെതിരെയായിരുന്നു പോലീസ് കോടതിയിൽ കുറ്റപത്രം നല്കിയത്.കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരല്ല കീഴടങ്ങിയ രണ്ടു പ്രതികളും. മറ്റ് പ്രതികൾക്ക് കുറ്റകൃത്യത്തിന് സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
ഇവരെ കൂടാതെ നേരത്തെ ജാമ്യത്തിലിറങ്ങിയ മറ്റ് 12 പ്രതികളും കേസ് പരിഗണനയ്ക്കെടുത്ത ഇന്നലെ കോടതിയിൽ ഹാജരായി.കേസിൽ രണ്ടുപേർ കൂടി ഒളിവിലാണ്. 2016 ഒക്ടോബർ 10നായിരുന്നു സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ള് ഷാപ്പ് ജീവനക്കാരനുമായ മോഹനനെ വെട്ടി കൊലപ്പെടുത്തിയത്.