കൊച്ചി: കടലിന്റെ കാണാക്കാഴ്ചകൾ ഒരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) പ്രദർശനം. സിഎംഎഫ്ആർഐയുടെ 71-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ കടലറിവിന്റെ അദ്ഭുതങ്ങളും സമുദ്ര ജൈവ വൈവിധ്യങ്ങളുടെ വിസ്മയങ്ങളും കാണാൻ വിദ്യാർഥികളും പൊതുജനങ്ങളുമെത്തി. കൗതുകമുണർത്തുന്നതും വിജ്ഞാനപ്രദവുമായ കാഴ്ചകളും അറിവുകളുമാണു സന്ദർശകർക്കു പ്രദർശനത്തിലൂടെ ലഭിച്ചത്.
വില കൂടിയ മുത്തുകളും മുത്തുച്ചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളും പ്രദർശനത്തിൽ ശ്രദ്ധേയമായി. സിഎംഎഫ്ആർഐയിലെ കക്കവർഗ ഗവേഷണ വിഭാഗം കൃഷി ചെയ്തു വേർതിരിച്ചെടുത്ത ഒരു ഗ്രാമിന് 1,500 രൂപ വരെ വിലയുള്ള മുത്തുകളാണു പ്രദർശിപ്പിച്ചത്. അവയുടെ വില്പനയുമൊരുക്കിയിരുന്നു. സിഎംഎഫ്ആർഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണു പ്രദർശനം നടത്തിയത്. ആനത്തിരണ്ടി, ഗിറ്റാർ മത്സ്യം, വിവിധയിനം സ്രാവുകൾ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീൻ- ഞണ്ട് വർഗങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
മീനുകളുടെ വയസ് കണ്ടെത്താനുള്ള പരീക്ഷണശാല സന്ദർശകർക്കു വേറിട്ട അനുഭവമായി. ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിക്കുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസിൽ താഴെയും അയലയുടേത് ഒരു വർഷവുമാണെന്നാണ് പഠനത്തിൽ കണ്ടെത്താനായതെന്നു ശാസ്ത്രസംഘം വിശദീകരിച്ചു.
സിഎംഎഫ്ആർഐയിലെ സമുദ്ര മത്സ്യകൃഷി വിഭാഗം വിവിധ മത്സ്യകൃഷി രീതികളുടെ മാതൃകകളും ഒരുക്കിയിരുന്നു. കൂടാതെ, കടൽ വെള്ളത്തിനു നിറം നൽകുന്ന സൂക്ഷ്മ ആൾഗകൾ, കടലിലെ വർണമത്സ്യങ്ങളുടെ ശേഖരമായ മറൈൻ അക്വേറിയം എന്നിവയും സന്ദർശകർക്ക് അദ്ഭുതമായി. കണ്ടൽച്ചെടികൾ, കടൽപ്പായലുകൾ തുടങ്ങിയവയുടെ പ്രദർശനവും കടലിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടുന്നതിന്റെ പ്രത്യാഘാതങ്ങൾ വിവരിക്കുന്ന സ്റ്റാളുകളുമുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിൽ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നതു വിശദീകരിക്കുന്നസിഎംഎഫ്ആർഐയിലെ നാഷണൽ ഇന്നൊവേഷൻസ് ഓണ് ക്ലൈമറ്റ് റെസിലിയന്റ് അഗ്രിക്കൾച്ചറിന്റെ സ്റ്റാളും ശ്രദ്ധേയമായി.